puspan
മേനപ്രം കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വായനശാലയ്ക്ക് സമീപത്ത് പുഷ്പന്റെ ഭൗതീകശരീരം ചിതയിലേക്കെടുത്തപ്പോൾ

അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ

തലശേരി: അന്തരിച്ച കൂത്തുപറമ്പ് സമരനായകൻ പുതുക്കുടി പുഷ്പന് ജനസഞ്ചയം വിട നൽകി. ഇന്നലെ വൈകിട്ട് മേനപ്രത്തെ വീടിനോട് ചേർന്ന് സി.പി.എം വില കൊടുത്തുവാങ്ങിയ ഇടത്ത് ഒരുക്കിയ പുഷ്പന്റെ ചിതയ്ക്ക് സഹോദരപുത്രന്മാരായ രസിൻരാജ്, ജിനീഷ്, നവൽ പ്രകാശ് എന്നിവർ ചേർന്ന് അഗ്നിപകർന്നു.

സി.പി.എം നേതാക്കളുടെയും പ്രവർത്തകർ അടക്കമുള്ള വൻജനക്കൂട്ടത്തിന്റെയും അകമ്പടിയിൽ ഇന്നലെ രാവിലെ എട്ട് മണിയോടെ കോഴിക്കോട് നിന്ന് വിലാപയാത്രയായാണ് മൃതദേഹം എത്തിച്ചത്. പുഷ്പന് അന്ത്യാഭിവാദ്യമർപ്പിക്കാൻ പ്രത്യേക പോയിന്റുകളിൽ സൗകര്യമൊരുക്കിയിരുന്നു. ആയിരക്കണക്കിനാളുകളാണ് പാതയോരങ്ങളിൽ പുഷ്പന് അന്ത്യാഭിവാദ്യമർപ്പിച്ചത്. സ്പീക്കർ എ.എൻ. ഷംസീറും വിലാപയാത്രയെ അനുഗമിച്ചു.

പൊതുദർശനം നടന്ന തലശേരി ടൗൺഹാളിലും വൻജനാവലി എത്തി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ,​ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാർട്ടി പതാക പുതപ്പിച്ചത്. സംസ്കാരശേഷം സർവകക്ഷി അനുശോചനയോഗവും നടന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ.പി. മോഹനൻ എം.എൽ.എ, എ.എ. റഹിം എം.പി,

ഷാജി എം.ചൊക്ലി,​ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, എ. പ്രദീപൻ വി.പി. സാനു, പി.കെ. യൂസഫ്,​ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.വസീഫ്, ഡി.വൈ.എഫ്.ഐ തമിഴ്നാട് സംസ്ഥാന സെക്രട്ടറി ശിങ്കാരവേലൻ, ഡി.വൈ.എഫ്.ഐ കർണാടക ട്രഷറർ സന്തോഷ്‌കുമാർ ബാജൻ,​ അഡ്വ. ഷിജിൻലാൽ,​ ബാബു ഗോപിനാഥ് ,​കെ.സുരേഷ്,​ തുടങ്ങിയവർ സംസാരിച്ചു. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. 1994ലെ കൂത്തുപറമ്പ് വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ് മുപ്പതുവർഷത്തോളം ശയ്യാവലംബിയായി കഴിഞ്ഞ പുഷ്പൻ ശനിയാഴ്ചയാണ് ലോകത്തോട് വിടപറ‌ഞ്ഞത്.