
കാസർകോട്: കെ.എസ്.ഇ.ബി പിലിക്കോട് മേജർ സെക്ഷന് കീഴിൽ 29 വർഷമായി താൻ ഓടിച്ച ജീപ്പ് പൊളിച്ചുവിൽക്കാൻ ലേലത്തിന് വച്ചതിന് പിന്നാലെ ഡ്രൈവർ തസ്തികയിൽ ജോലി ചെയ്തിരുന്ന ചന്ദ്രൻ ഓഫീസിന്റെ പടിയിറങ്ങി. 35 വർഷത്തെ സർവീസിന് ശേഷവും കരാർ ജീവനക്കാരനായി തന്നെയാണ് പടിയിറങ്ങുന്നത്.
1989ൽ നീലേശ്വരം മേജർ സെക്ഷനിൽ കരാർ ജീവനക്കാരനായി ജോലിയിൽ കയറിയത്. പിന്നീട് പിലിക്കോട് മേജർ സെക്ഷനിൽ ലോറി എത്തിയപ്പോൾ ഡ്രൈവറായി. 1994ൽ കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്നുണ്ടായ ജനരോഷത്തിൽ ലോറി കത്തിച്ചു. പിലിക്കോട് സബ് ഡിവിഷനായി ഉയർത്തപ്പെട്ട 1995ലാണ് ജീപ്പുമായുള്ള ചന്ദ്രന്റെ ബന്ധം തുടങ്ങുന്നത്. പതിനഞ്ചു വർഷം പഴക്കമുള്ള സർക്കാർവാഹനങ്ങൾക്ക് ഇൻഷൂറൻസ് പുതുക്കി നൽകേണ്ടതില്ലെന്ന തീരുമാനം വന്നതോടെ ഇതിന്റെ ഇരട്ടിയോളം ഓടിക്കഴിഞ്ഞ ജീപ്പിനെ കെ.എസ്.ഇ.ബി കണ്ടംചെയ്തു.കാസർകോട് ജില്ലയിൽ കെ.എസ്.ഇ.ബിയുടെ സ്വന്തം പേരിലുള്ള ഏക ജീപ്പായിരുന്നു ഇത്.
അവധിയിലായ ഒരു ദിവസം മറ്റൊരാൾ കണ്ണൂരിലേക്ക് ഓടിച്ചപ്പോൾ പുക വരുന്നതായി വിവരം കിട്ടിയയുടൻ രക്തസമ്മർദ്ദം കൂടി ആശുപത്രിയിലായിട്ടുണ്ട് ചന്ദ്രൻ. ജീപ്പുമായുള്ള ആത്മബന്ധം അത്രയ്ക്കാണെന്ന് ചുരുക്കം. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ തന്നെയാണ് ഇദ്ദേഹം ജീപ്പിനെ കൊണ്ടുനടന്നതും.
ഇരുപത്തിനാലാം വയസിൽ ജോലിയിൽ കയറിയ ചന്ദ്രന് ഇപ്പോൾ അറുപതാണ് പ്രായം. പിലിക്കോട് വൈദ്യുതി ഓഫീസിൽ മുഴുനീളസഹായിയുടെ റോൾ കൂടിയുണ്ട് ഇദ്ദേഹത്തിന്. ലൈൻമാന്റെയും ഓവർസിയറുടെയും ഓഫീസറുടെയുമെല്ലാം ഡ്യൂട്ടി എല്ലാമായി ചന്ദ്രൻ മാറിയിരുന്നു. ഓഫീസ് പരിധിയിൽ വൈദ്യുതി മുടക്കം ഉണ്ടായാൽ ആളുകൾ ആദ്യം വിളിക്കുന്നത് ഡ്രൈവർ ചന്ദ്രനെയാണ്. ഏതു പാതിരാത്രിയിലും വിളിച്ചാൽ ഫോണിന്റെ മറുതലയ്ക്കൽ ഇദ്ദേഹം ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് നാട്ടുകാരും പറയുന്നു.
കമ്പി വലിക്കാനും തൂണിടാനും ഫ്യുസ് കെട്ടാനും ജീവനക്കാരുടെ കൂടെ ഉണ്ടാകും.ആറു പഞ്ചായത്തിന്റെ പരിധിയിലുള്ള സബ് ഡിവിഷൻ പരിധിയിൽ വെയിലത്തും മഴയത്തും കൂരിരുട്ടിലും പെടാപ്പാട് പെടുന്ന വൈദ്യുതിവകുപ്പ് ജീവനക്കാരുടെ കൂടെ സമയം നോക്കാതെയായിരുന്നു ചന്ദ്രൻ ഇത്രയും കാലം ചിലവിട്ടത്.
രാമന്തളി ജി.എം.യു.പി സ്കൂളിലെ ദാക്ഷായണിയാണ് ചന്ദ്രന്റെ ഭാര്യ. നിഥിന( ചന്തേര പൊലീസ് സ്റ്റേഷൻ) നിഖിൽ( മിൽമ പ്ലാന്റ് അസി. എൻജിനിയർ ശ്രീകണ്ഠാപുരം) എന്നിവർ മക്കളാണ്.
സ്ഥിരപ്പെടാതെ പടിയിറക്കം
35 വർഷത്തെ സർവീസുണ്ടായിട്ടും സ്ഥിരനിയമനമില്ലാതെയാണ് പടിയിറങ്ങേണ്ടിവരുന്നതെന്ന ഖേദമുണ്ട് ചന്ദ്രന്. ഇതിനിടയിൽ കെ.എസ്.ആർ.ടി.സി വിളിച്ചിട്ടും പോകാതെ കെ.എസ്.ഇ.ബിയെ സേവിച്ചതാണ്. എന്നെങ്കിലും സ്ഥിരപ്പെടുത്തുമെന്നായിരുന്നു വിശ്വാസം. പക്ഷെ അതുണ്ടായില്ലെന്ന് മാത്രം.
ഉപഭോക്താക്കളും ബോർഡിലെ ഓഫീസർമാരും നൽകിയ സ്നേഹം മാത്രമാണ് ജീവിതത്തിൽ എന്നും അവശേഷിക്കുന്നത്. കിട്ടുന്ന വേതനം നോക്കിയായിരുന്നില്ല ഇതുവരെയും ജീപ്പ് ഓടിച്ചിരുന്നത്.
ടി. വി ചന്ദ്രൻ ( ജീപ്പ് ഡ്രൈവർ )