
കണ്ണൂർ: മക്കളുടെ അകാലവേർപ്പാടിൽ മാനസികനില പോലും തെറ്റി നാലുചുവരിനുള്ളിൽ ഒതുങ്ങിക്കൂടുന്ന അമ്മമാരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്ന ഒരു കൂട്ടായ്മ. ഒരെ സാഹചര്യത്തെ നേരിട്ടവർ തമ്മിൽ സംസാരിച്ചും ആശ്വാസം പകർന്നും ജീവിതത്തിലെ വെളിച്ചം തിരിച്ചുപിടിക്കുന്ന ഈ സംരംഭത്തിന് പിന്നിൽ അപകടത്തിൽ മകനെ നഷ്ടപ്പെട്ട ഒരമ്മയാണ്. കണ്ണൂർ മാത്തിൽ സ്വദേശി കരുണദാസ് കരുണയിലൂടെ തിരിച്ചുപിടിക്കുന്നത് തന്റെ ജീവിത വെളിച്ചം മാത്രമല്ല, നിരവധി അമ്മമാരുടേതുമാണ്.
ഒൻപത് വർഷം മുമ്പ് സിക്കീമിൽ ഇന്റേൺഷിപ്പിന് പോയ മകൻ അർജുൻദാസ് തീസ്ഥ നദിയിൽ മുങ്ങിമരിക്കുകയായിരുന്നു. ആ ആഘാതം എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കണമെന്ന അവസ്ഥയിലെത്തിച്ചു. ആരോടും മിണ്ടാതായി.ഇതിനിടയിലാണ് മകനെ നഷ്ടമായ ഒരമ്മയുടെ അനുഭവം വായിച്ചത് .ഇത്തരം അമ്മമാരെ ചേർത്തിണക്കി ഒരു കൂട്ടായ്മ രൂപീകരിക്കണമെന്ന ആശയം അങ്ങനെ രൂപപ്പെട്ടു.അഞ്ചുവർഷം മുമ്പാണ് അങ്ങനെ 'കരുണ' രൂപപ്പെട്ടത്. മക്കളെ നഷ്ടപ്പെട്ട തനിക്കറിയുന്ന അമ്മമാരെ ഫോൺ വിളിച്ചായിരുന്നു തുടക്കം. ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി. ഇന്നിപ്പോൾ ഇതിൽ മുപ്പതോളം അമ്മമാരുണ്ട്. പോസിറ്റീവ് കാര്യങ്ങൾ മാത്രമാണ് ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത്. സങ്കടങ്ങളിൽ നിന്ന് പരമാവധി മാറ്റി നിർത്തും.
മക്കളെ പല രീതിയിൽ മരണം എടുത്തവരാണ് കൂട്ടത്തിലുള്ളത്. മക്കളുടെ മരണത്തിന്റെ പേരിൽ സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ കുറ്റപ്പെടുത്തലുകൾ വരുമ്പോൾ വലിയ താങ്ങാണ് കരുണയുടെ കാരുണ്യം.വിഷാദാവസ്ഥയിലെത്തിയവർക്ക് കൗൺസിലിംഗും ഇവർ ഏർപ്പാടു ചെയ്യുന്നുണ്ട്.ആരോഗ്യവകുപ്പിൽ നിന്നും പിരിഞ്ഞ കരുണ തന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ പ്രവർത്തനം വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. ഉറ്റവരുടെ വേർപാടിൽ തളർന്നുപോയവർക്ക് മാനസിക പിന്തുണ കൊടുക്കുന്ന വോയ്സ് ദാറ്റ് കെയേഴ്സിന്റെ വളണ്ടിയർ കൂടിയാണിവർ. റിട്ട.പൊലീസുദ്യോഗസ്ഥനായ മോഹൻദാസാണ് ഭർത്താവ്.മകൾ ആതിര ദാസ് ഐൻ.ഐ.ഡിയിൽ നിന്ന് പി.ജി പൂർത്തിയാക്കി ബംഗ്ളൂരുവിൽ ഡിസൈനറായി ജോലി ചെയ്യുന്നു.
മകന്റെ സ്വപ്നങ്ങൾ പിന്തുടർന്ന്
അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഡിസൈനിംഗിൽ നിന്ന് പഠിച്ചിറങ്ങിയ മകന്റെ ചിത്രം കൂട്ടുകാരുടെ സഹായത്തോടെ പിറന്നാൾദിനമായ മേയ് രണ്ടിന് വിവിധ നഗരങ്ങളിൽ വരക്കുകയാണ് കരുണ. ഏറ്റവുമൊടുവിൽ കഴിഞ്ഞ മേയ് രണ്ടിന് കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കെ കവാടത്തിൽ അർജുന്റെ ചുമർചിത്രം വരപ്പിച്ചു. ഇതോടൊപ്പം മകൻ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുമുണ്ട്. കോഴിക്കോട്, സിക്കിം പയ്യന്നൂർ എന്നിവിടങ്ങളിൽ അർജ്ജുന്റെ ചിത്രങ്ങൾ പിറന്നാൾ ദിനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും പ്ലസ് ടു കഴിഞ്ഞ അർജുൻ ഡിജിറ്റൽ പെയിന്റിംഗിൽ ഏറെ മികവു കാട്ടിയിരുന്നതാണ്. പൊതുസ്ഥലങ്ങളിലും സ്കൂളിലും ക്യാമ്പസിലുമെല്ലാം അർജ്ജുന്റെ ഓർമ്മ നിറയുന്ന ചിത്രങ്ങളുണ്ട്.