
നീലേശ്വരം: ബങ്കളം ഗ്രാമത്തിന്റെ പെരുമയുമായി കേരളത്തിന്റെ സീനിയർ വനിതാ ഫുട്ബാൾ ടീം ദേശീയ ചാമ്പ്യൻഷിപ്പിൽ പന്തുതട്ടാനിറങ്ങുന്നു. അറ്റാക്കിംഗ് മിഡ്ഫീൽഡർ കൂടിയായ ക്യാപ്റ്റൻ പി.മാളവിക, ഗോൾകീപ്പർ എം.രേഷ്മ, ഡിഫന്റർമാരായ എം.അഞ്ജിത, പി.അശ്വതി,എസ്.ആര്യശ്രീ എന്നിവരാണ് ടീമിൽ ഇടംപിടിച്ചത്.
ബങ്കളം വനിതാ ഫുട്ബോൾ ക്ലിനിക്കിൽ പരിശീലനം നേടിയ ഒരെ നാട്ടുകാരാണിവർ. നേരത്തെയുള്ള പല മത്സരങ്ങളിലും മികവ് തെളിയിച്ച കളിക്കാരാണ്. എല്ലാവരും പ്രാരബ്ധവുമായി മല്ലിട്ട കുടുംബങ്ങളിൽ നിന്നെത്തിയവർ.
ഒന്നരയാഴ്ചത്തെ ക്യാമ്പിനുശേഷം അന്തിമ ടീമിനെ ഞായറാഴ്ചയാണ് തിരഞ്ഞെടുത്തത്. തമിഴ്‌നാട്, ഹിമാചൽപ്രദേശ്, ഗോവ എന്നിവരുൾപ്പെടുന്ന ശക്തമായ എ ഗ്രൂപ്പിലാണ് കേരളം.പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ഇത്തവണ ഗ്രൂപ്പ് മത്സരം. അഞ്ചിന് ആദ്യ കളിയിൽ ഹിമാചലാണ് കേരളത്തിന്റെ എതിരാളികൾ.ഏഴിന് തമിഴ്‌നാടിനെയും ഒമ്പതിന് ഗോവയെയും നേരിടും.
എം നജിമുനീസയാണ് കേരള ടീമിന്റെ മുഖ്യപരിശീലക. നാട്ടുകാരിയായ തടിയൻകൊവ്വലിലെ സുബിത പൂവട്ട അസിസ്റ്റന്റ് കോച്ചായി ക്യാമ്പിലുണ്ട്.