kodiyeri

പയ്യന്നൂർ : സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരത്തിൽ നിന്ന് കൃത്യമായ അളവെടുത്ത് നിർമ്മിച്ച കൈകാലുകളുടെ മെറ്റൽ കാസ്റ്റ് ഏറ്റുവാങ്ങി കുടുംബാംഗങ്ങൾ. കോടിയേരിയുടെ ചരമവാർഷികദിനമായ ഇന്ന് മുളിയിൽ നടയിലെ വീട്ടിലെ ഉദ്യാനത്തിൽ കോടിയേരിയുടെ ശില്പം അനാച്ഛാദനം ചെയ്യപ്പെടുമ്പോൾ വീട്ടിനകത്തുള്ള ഒരുക്കിയ വിനോദിനീസ് ഫാമിലി കളക്ടീവ് ഗാലറി എന്ന മ്യൂസിയത്തിൽ കോടിയേരിയുടെ കൈകാലുകളുടെ ലോഹശില്പം സ്ഥാനംപിടിക്കും.
തൊട്ടുവണങ്ങാനും സ്പർശിച്ചറിയാനുമുള്ള പത്നി വിനോദിനിയുടേയും മക്കളുടേയും ആഗ്രഹമാണ്  പ്രമുഖ ശില്പി ഉണ്ണി കാനായിയെ കൊണ്ട് ശില്പരൂപം ഒരുക്കുന്നതിലേക്ക് എത്തിച്ചത്. കോടിയേരിയുടെ ഭൗതിക ശരീരം ചിതയിലേക്ക് എടുക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് സന്തത സഹചാരിയായ റിജു ശില്പി ഉണ്ണി കാനായിയെ വിളിച്ച് കുടുംബത്തിന്റെ ആഗ്രഹം അറിയിച്ചത്. അന്ന് പുലർച്ചെ മൂന്ന് മണിയോടെ പി. വിനോദിന്റയും കെ.വി.രാജേഷിന്റയും കെ.വിനേഷിന്റെയും സഹായത്തോടെ പ്ളാസ്റ്റർ ഓഫ് പാരീസിൽ കൈകാലുകളുടെ മോൾഡ് എടുത്തു.ഇത് പിന്നീട് മെഴുകിൽ ശിൽപരൂപത്തിലാക്കി. പൂർത്തീകരണത്തിന് രണ്ടാം ചരമവാർഷികം വരെ കാത്തിരിക്കേണ്ടി വന്നുവെങ്കിലും കൈകാലുകളുടെ രൂപം അണുവിട തെറ്റിയിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ മരണപ്പെട്ടവരുടെ കൈ, കാൽ ശിൽപങ്ങൾ നിർമ്മിച്ച് സൂക്ഷിക്കാറുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമാണെന്ന് ശിൽപി ഉണ്ണി കാനായി പറഞ്ഞു.

തന്റെ ശില്പകലാ ജീവിതത്തിലെ ആദ്യ അനുഭവമാണ് ഇത്തരമൊരു നിർമ്മാണമെന്ന് ഉണ്ണി കാനായി പറഞ്ഞു. ആദ്യ ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലത്ത് കോടിയേരി സ്മാരകം രൂപ കല്പന ചെയ്യുന്ന തിരക്കായതിനാൽ മെറ്റൽ കാസ്റ്റ് ചെയ്തുകൊടുക്കാൻ സാധിച്ചില്ല.

ഇന്നലെ വൈകീട്ട് കാനായിൽ ശിൽപിയുടെ പണിപ്പുരയിൽ എത്തിയ വിനോദിനി ബാലകൃഷ്ണനും മകൻ ബിനീഷ് കോടിയേരിയും മെറ്റൽ കാസ്റ്റിംഗ് ശില്പം സി.പി.എം. ഏരിയ സെക്രട്ടറി പി. സന്തോഷിൽ നിന്ന് ഏറ്റുവാങ്ങി. സി.പി.എം. കോറോം ഈസ്റ്റ് ലോക്കൽ സെകട്ടറി വി.വി.ഗിരീഷ് , രഞ്ജിത്ത് മാണിയിൽ, കെ.വി.രാജേഷ് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.