
കൊടിയത്തൂർ: പഞ്ചായത്തിലെ ആലുങ്കലിൽ ആറു പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച, പഴകി ജീർണിച്ച കമ്മ്യൂണിറ്റി ഹാൾ പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലുള്ള ഹാൾ പൊളിച്ച്, അവിടെ ഓപ്പൺ ജിമ്മോ വയോജന പാർക്കോ നിർമ്മിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. 1965ലാണ് കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചത്. പിന്നീട് ഇതേ കോമ്പൗണ്ടിൽ പ്രാഥമികാരോഗ്യ ഉപകേന്ദ്രവും മൃഗസംരക്ഷണ വകുപ്പിന്റെ സബ് സെന്ററും നിർമ്മിച്ചു. ഇവിടെ പ്രവർത്തിച്ചിരുന്ന ബാലവാടി അങ്കണവാടിയാക്കി മാറ്റി. എന്നാൽ കമ്മ്യൂണിറ്റി ഹാളിന് മാത്രം യാതൊരു വികസനവും വന്നിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പഴയ ഓടിട്ട കെട്ടിടമാണ് ഇപ്പോഴുമുള്ളത്.
ലക്ഷം വീട് കോളനിയിലേക്ക് റോഡ് നിർമ്മിച്ചപ്പോൾ കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ചുമരിനോട് ചേർന്നാണ് നിർമ്മിച്ചത്. ഇപ്പോൾ കൊടിയത്തൂർ- ചുള്ളിക്കാപറമ്പ് റോഡിന്റെ വീതി കൂട്ടുന്നതിനോടനുബന്ധിച്ച് കെട്ടിടത്തിന്റെ രണ്ടു ഭാഗത്തു നിന്നും മണ്ണെടുത്തു. ഇതോടെ കമ്മ്യൂണിറ്റി ഹാൾ അപകടവസ്ഥയിലായി. ഇത് പൊളിച്ചുമാറ്റി അങ്കണവാടി കോമ്പൗണ്ടും പുതുതായി നിർമ്മിച്ച ആയുഷ്മാൻ ആരോഗ്യ മന്ദിറും ചേർത്ത് വയോജന പാർക്കോ ഓപ്പൺ ജിമ്മോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെട്ടിടങ്ങൾക്ക് മുകളിൽ ഭീഷണിയായി നിൽക്കുന്ന ചീനി മരം മുറിച്ചുമാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്.