
മാവൂർ: കാട്ടുപന്നികൾ ചാത്തമംഗലം, മാവൂർ പ്രദേശങ്ങളിലെ കർഷകരുടെ ഉറക്കം കെടുത്തിയതോടെയാണ് പ്രദേശത്തെ സാമൂഹ്യ പ്രവർത്തകർ ചേർന്ന് വാടസ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കാൻ തീരുമാനിച്ചത്. വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം.
കൃഷി നശിപ്പിക്കുക മാത്രമല്ല മനുഷ്യജീവനുതന്നെ ഭീഷണിയായി കാട്ടുപന്നികൾ വിഹരിക്കുകയാണ്. നിരവധി കർഷകർ, കാൽനടയാത്രക്കാർ, ഇരുചക്ര വാഹന യാത്രക്കാർ എന്നിവർക്ക് പന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് പലരും രക്ഷപ്പെട്ടത്. കർഷകർ സോളാർ പാനൽ ഉപയോഗിച്ച് കൃഷിക്ക് ചുറ്റും കമ്പി വേലി തീർത്തെങ്കിലും ഫലം കണ്ടില്ല. അധികൃതർക്ക് നിരവധിത്തവണ പരാതി നൽകിയെങ്കിലും നിയമത്തിന്റെ ഊരാക്കുടുക്ക് പറഞ്ഞ് അവരും കൈ മലർത്തിയതോടെയാണ് ജനം നേരിട്ടിറങ്ങിയത്.
400 പേർ നിലവിൽ വാട്സ്ആപ്പ് കൂട്ടായ്മയിൽ അംഗങ്ങളായുണ്ട്. കഴിഞ്ഞ ദിവസം മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ കർഷകരേയും മറ്റും ചേർത്ത് ജനകീയ കൺവെൻഷൻ ചേർന്നു. ജനവികാരം ശക്തമായത്തോടെ ഇരുപഞ്ചായത്തുകളിലേയും ജനപ്രതിനിധികൾ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി. നിലവിൽ പന്നിയെ വെടിവച്ച് കൊല്ലാൻ ചാത്തമംഗലം പഞ്ചായത്തിൽ ഏഴും മാവൂരിൽ അഞ്ചും എം പാനൽ ഷൂട്ടർമാരെ നിയമിച്ചിരിക്കുകയാണ്. ഷൂട്ടർ മാർക്കുള്ള വേതനവും പന്നിയെ സംസ്കരിക്കുന്നതിനുള്ള ചെലവും പഞ്ചായത്തുകൾ വഹിക്കാനും തീരുമാനമായി.
വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുമാറി വന്യജീവി പ്രതിരോധ സമിതിയെന്ന പേരിലേക്ക് മാറ്റി കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് കൂട്ടായ്മ. ഗ്രാസിം മാനേജ്‌മെന്റ്, പഞ്ചായത്ത് അധികാരികൾ എന്നിവരുമായി സഹകരിച്ച് വന്യമൃഗ നിർമ്മാർജന പ്രവർത്തനവുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.