വടകര: സർക്കാർ ബീവറേജസ് കോർപ്പറേഷനു നൽകുന്ന പരിഗണന പ്രകൃതിയിൽ നിന്ന് സംഭരിക്കപ്പെടുന്ന കള്ള് വ്യവസായത്തോട് കാണിക്കുന്നില്ല. ഈ മേഖല തന്നെ അന്യം നിന്നേക്കുമോയെന്നുമുള്ള ഭയത്തിലാണ് കള്ള് ഷാപ്പുമായി ബന്ധപ്പെട്ട് ജീവിതം തള്ളുന്നവർ. കള്ള് ചെത്തിന് പാരമ്പര്യ രീതി ഉപേക്ഷിച്ചത് തിരിച്ചടിയായോ എന്ന സംശയത്തിലാണ് തൊഴിലാളികൾ. തെങ്ങ് ചെത്തിന് പരമ്പരാഗത രീതി ഉണ്ടായിരുന്നു. നേരത്തെ ചെത്തുകാരൻ മൂന്നുനേരം തെങ്ങിൽ കയറണമെന്നത് നിർബന്ധമായിരുന്നു. രാവിലെയും വൈകിട്ടും കള്ളെടുക്കാനും ഉച്ചയ്ക്ക് തെങ്ങിന്റെ മണ്ടയും കുലയും വൃത്തിയാക്കാനും. എന്നാൽ ഇതിപ്പോൾ രണ്ടുനേരമായി ചുരുങ്ങി.
നേരത്തെ ചെത്തിയ കുലയിൽ ഏച്ചിൽ എന്ന ഔഷധ സസ്യത്തിന്റെ ഇലച്ചാന്ത് തേക്കുമായിരുന്നു. എന്നാൽ നിലവിൽ പ്രത്യേകതരം ചെളിയാണ് തേക്കുന്നത്. ഇത് കള്ളിന്റെ രുചിയിലും ഗുണത്തിലും വ്യത്യാസമുണ്ടാക്കിയതായി ഉപഭോക്താക്കൾ പറയുന്നു. ഏച്ചിൽ ഇല പേസ്റ്റ് രൂപത്തിൽ തയ്യാറാക്കാൻ ഏറെ നേരത്തെ അധ്വാനം വേണം. ഇതിന് പകരമായാണ് യാതൊരു മെനക്കേടുമില്ലാത്ത ചെളി പ്രയോഗം. കള്ള് ചെത്ത് വ്യവസായത്തെ പഴയ പ്രതാപത്തിൽ നിലനിറുത്താൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും പുതുതായി ആരും ഈ മേഖലയിലേക്ക് എത്തുന്നില്ലെന്നതാണ് വസ്തുത.
നീരയും വിജയിച്ചില്ല
ഒരു ഘട്ടത്തിൽ നീര വ്യാപകമാക്കുന്നതിന്റെ ഭാഗമായി നിരവധി യുവാക്കൾ ചെത്തിന് ഇറങ്ങിയിരുന്നു. എന്നാൽ നീരയുടെ നിലനില്പ് പരുങ്ങലിലായതോടെ ഇവർ പിന്മാറി. മാറി മാറി വന്ന സർക്കാരുകളുടെ അവഗണനയാണ് കള്ള് വ്യവസായത്തോട് കാണിക്കുന്നതെന്ന് ഷാപ്പ് നടത്തിപ്പുകാരും തൊഴിലാളികളും പറയുന്നു. വടകര റെയിഞ്ച് പരിധിയിലുണ്ടായിരുന്ന 25 ഷാപ്പുകളിൽ നിലവിൽ 17 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
പരിഗണന മദ്യത്തിന്
ആരാധനാലയങ്ങളുടേയും സ്കൂളുകളുടേയും 50 മീറ്റർ ദൂരപരിധിക്കുള്ളിൽ വിദേശമദ്യഷോപ്പുകളും ബാറുകളും പാടില്ല. എന്നാൽ കള്ളുഷാപ്പുകൾക്ക് 400 മീറ്റർ അകലം വേണമെന്ന നിയമത്തിന് യാതൊരു ഇളവും അനുവദിച്ചിട്ടില്ല. ഒരു വ്യക്തിക്ക് 3 ലിറ്റർ ബീവറേജ് മദ്യം വരെ കൈവശം വയ്ക്കാം. എന്നാൽ കള്ള് ഒന്നരലിറ്റർ മാത്രമെ പാടുള്ളൂ. കള്ള് കൊണ്ട് വിനാഗിരി പോലുള്ള അനുബന്ധ ഉത്പന്നങ്ങൾ നിർമ്മിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും പ്രയോഗത്തിൽ എത്തിയിട്ടില്ല.