കോഴിക്കോട്: പകർച്ചവ്യാധികളും മറ്റ് രോഗങ്ങളും വ്യാപകമാകുന്ന കാലഘട്ടത്തിൽ പ്രതിരോധത്തിൽ ഊന്നിയുള്ള ചികിത്സാരീതിയാണ് ആവശ്യമെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇന്ത്യൻ ഓങ്കോളജി സൊസൈറ്റിയും എം.വി.ആർ ക്യാൻസർ സെന്ററും സംയുക്തമായി നടത്തിയ കാൻകോൺ അന്താരാഷ്ട്ര സെമിനാറിന്റെ സമാപനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
പ്രതിരോധവും സുരക്ഷയും സാന്ത്വന ചികിത്സയുമാണ് ക്യാൻസർ രോഗത്തിൽ ഇന്ന് പ്രധാനമായും അവലംബിക്കുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്നത് പൂർണ രോഗമുക്തിയാണ്. അതിനുള്ള കാൽവയ്പ്പാണ് കാൻകോൺ പോലെയുള്ള സെമിനാറുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലാതലങ്ങളിൽ ഹൃദ്രോഗികൾക്കുള്ള സർക്കാർ ചികിത്സ പൂർത്തിയാക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ക്യാൻസർ രോഗത്തിനും സർക്കാർതലത്തിൽ വിപുലമായ സംവിധാനം വേണം. സഹകരണമേഖലയിൽ എം.വി.ആർ പോലെയുള്ള സ്ഥാപനങ്ങൾ സാധാരണക്കാരന് അനുഗ്രഹമാണെന്നും അവർ വ്യക്തമാക്കി.
എം.വി.ആർ ക്യാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.വി.ആർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ മൂന്നു ദിവസമായി നടന്ന സെമിനാറിനെക്കുറിച്ച് വിശദമാക്കി. പി.ടി.എ.റഹീം എം.എൽ.എ, കെ.ഫൗണ്ടേഷൻ വൈസ് ചെയർമാൻ സി.കെ.അബ്ദുല്ലക്കോയ, കാൻകോൺ ജോ. സെക്രട്ടറി ഡോ. ശ്രീലത വർമ്മ എന്നിവർ സംസാരിച്ചു.