
രാമനാട്ടുകര: മിനി ബസുകൾ ഉൾപ്പെടെ ദിവസേന 250ഓളം വാഹനങ്ങളെത്തുന്ന രാമനാട്ടുകര ബസ് സ്റ്റാൻഡിൽ ബസുകൾ നിറുത്തുന്ന സ്ഥലം കൃത്യമായി രേഖപ്പെടുത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു. ആദ്യമായി സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ സമീപത്തെ കടയുടമകളോടോ സഹയാത്രക്കാരോടോ ചോദിച്ച് ബസ് നിറുത്തുന്ന സ്ഥലം മനസിലാക്കേണ്ട അവസ്ഥയാണ്.
ബോർഡ് വച്ചാലേ യാത്രക്കാർക്ക് ബസുകൾ ഏതു ദിക്കിലേക്കാണ് പോകുന്നത് എന്നറിയാൻ കഴിയുകയുള്ളൂ. അന്യസംസ്ഥാന തൊഴിലാളികളും ഇതിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ എത്തുന്ന പ്രധാന സ്റ്റാൻഡാണ് രാമനാട്ടുകരയിലേത്. പഴയ രണ്ടു ദേശീയ പാതകളും കടന്നു പോകുന്ന പ്രധാന വീഥിയുടെ അരികിലായാണ് ബസ് സ്റ്റാൻഡ് സ്ഥിതിചെയ്യുന്നത്.
അറ്റകുറ്റ പണികൾ നടത്തുന്നില്ല
സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യ സ്റ്റാൻഡാണിത്. വരുമാനത്തിന്റെ 30 ശതമാനം ഉപയോഗിച്ച് സ്റ്റാൻഡിലെ അറ്റകുറ്റപണികൾ സ്വകാര്യ വ്യക്തി ചെയ്യണമെന്നാണ് കരാർ. എന്നാൽ സ്റ്റാൻഡിലെ കുഴിയടക്കൽ പോലുള്ള പ്രധാന പണികളൊന്നും കൃത്യ സമയത്ത് ചെയ്യാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡരികിലുള്ള ബസ് സ്റ്റാൻഡിന്റെ കവാടങ്ങളിലുള്ള സൂചനാ ബോർഡുകൾ കാലപ്പഴക്കത്താൽ നശിച്ചിട്ട് മാസങ്ങളായി. അത് പുനഃസ്ഥാപിക്കാൻ സ്റ്റാൻഡ് നടത്തിപ്പുക്കാർക്കും നഗരസഭാ അധികൃതർക്കും ഇതുവരെ സാധിച്ചിട്ടില്ല.
വെളിച്ചമില്ല
സ്റ്റാൻഡിൽ രാത്രിയായാൽ കൂരിരുട്ടാണ്. ബസ് ഷെൽറ്ററിലെ ട്യൂബ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങളായി. സമീപത്തെ കടകൾ അടച്ചാൽ സ്റ്റാൻഡ് മുഴുവൻ ഇരുട്ടിലാകും. രാവിലെ എട്ടിന് മുൻപും രാത്രി എട്ടിന് ശേഷവും സ്റ്റാൻഡിൽ ബസുകൾ കയറാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.