ഇരിങ്ങൽ: സർഗാലയയിൽ കൈത്തറി പൈതൃകോത്സവം " സർഗാടെക്സ് 2024' ആരംഭിച്ചു. സെപ്റ്റംബർ 14 വരെയാണ് ഭാരതത്തിന്റെ കൈത്തറി വസ്ത്ര പാരമ്പര്യത്തിന് ആദരവായി കൈത്തറി പൈതൃകത്തെ അനാവരണം ചെയ്യുന്ന പ്രദർശന വിപണന മേള, ഹാൻഡ്‌ലൂം ബിസിനസ് ടു ബിസിനസ് മീറ്റ്, ഹാൻഡ്‌ലൂം ഫാഷൻ ഷോ, 'കേരള ഹാൻഡ്‌ലൂംക്വീൻ' ഓൺലൈൻ വീഡിയോ റീൽ മത്സരം തുടങ്ങിയ വൈവിദ്ധ്യമേറിയ പരിപാടികൾ "സർഗാടെക്സ് 2024" ന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
ഭാരത സർക്കാർ വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഡിസൈൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സ്റ്റേറ്റ് ഹാൻഡ്‌ലൂം എക്സ് പോ സംഘടിപ്പിച്ചത്. ആഡംബര സിൽക്ക് സാരികൾ മുതൽ കരവിരുതിൽ തീർത്ത മനോഹരമായ എംബ്രോയിഡറി ദുപ്പട്ടകൾ വരെയുള്ള കൈത്തറി വസ്ത്രങ്ങളുടെ മാസ്മരിക ഭംഗി ആസ്വദിക്കാനും നിർമ്മാതാക്കളിൽ നിന്നും നേരിട്ട് വാങ്ങാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ കൈത്തറി പൈതൃകത്തോടൊപ്പം ഇന്ത്യയിലെ 17ൽപരം സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൈവിധ്യമേറിയ കൈത്തറി തുണിത്തരങ്ങളുടെ വിസ്മയം മേളയുടെ പ്രത്യേകതയാണ്. ആദ്യമായാണ് സർഗാലയയിൽ ഹാൻഡ്‌ലൂം പൈതൃകോത്സവം സംഘടിപ്പിക്കുന്നത്.
ആന്ധ്രപ്രദേശ്, ബീഹാർ, ഡൽഹി, ഹരിയാന, ജമ്മുകാശ്മീർ, ജാർഖണ്ഡ്, തമിഴ്നാട്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, തെലങ്കാന, കർണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും കൈത്തറി ഉത്പ്പാദകർ സർഗാലയയിലെത്തിയിട്ടുണ്ട്. വെങ്കിടഗിരി, മംഗളഗിരി, ഭഗൽപുരി സിൽക്ക്, ചെട്ടിനാട്, ചന്ദേരി, മഹേശ്വരി, ബനാറസ് സിൽക്ക്, ചിക്കൻകാരി, തംഗയിൽ, ജാംദാനി, പോച്ചംപള്ളി, കലംകാരി, ഫുൾകാരി എന്നീ വിശ്വപ്രശസ്ത കൈത്തറി സാരികൾ, പഷ്മിന ഷാൾ, ബാന്ദേജ്, കാർപ്പെറ്റുകൾ തുടങ്ങിയ വൈവിദ്ധ്യമേറിയ മറ്റ് കൈത്തറി വസ്ത്രങ്ങളാൽ തയ്യാറാക്കുന്ന വിവിധങ്ങളായ ഉത്പ്പന്നങ്ങൾ മേളയെ ആകർഷകമാക്കുന്നു.
സർഗാലയയിലെ സന്ദർശകർക്കായി 2023 ൽ ഏർപ്പെടുത്തിയ സമ്മാന പദ്ധതി കൂപ്പണുകളുടെ നറുക്കെടുപ്പ് റൂറൽ ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് നിർവഹിച്ചു. അതിദേവ്.പി.ആർ, ശ്രീനിവേദ്, പ്രിയ, ഗംഗൻ,ശാലിനി ബാലുശ്ശേരി, ഷഫീന ഷെരീഫ്, ബിജു.എം, ശ്രീ.ദീപക്, പുരുഷോത്തമൻ,ജോർജ്കോശി എന്നിവർ വിജയികളായി.
“സർഗാടെക്സ്2024” ഔപചാരിക ഉദ്‌ഘാടനം നാളെ വൈകീട്ട് 5.30 മണിക്ക്കാനത്തിൽ ജമീല എം.എൽ.എ നിർവഹിക്കും. വീവേഴ്‌സ് സർവീസ് സെന്റർ ഡയറക്ടർ - സൗത്ത് സോൺസി. മുത്തുസ്വാമി സ്റ്റേറ്റ് ഹാൻഡ്‌ലൂം എക്സ്പോ ഉദ്‌ഘാടനം ചെയ്യും.