
എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനുമായി അഭിമുഖം
എന്റെ വീട്ടിലേക്കൊന്നും ജാവദേക്കർമാർ വരില്ല
വന്നാൽ, ആദ്യം പാർട്ടിയെ അറിയിക്കും
നേതാക്കളുടെ ജീവിതരീതിയിൽ തിരുത്തൽ വേണം
ടി.പി എന്ന രണ്ടക്ഷരത്തിൽ അണികളും പാർട്ടി നേതാക്കളും സ്‌നേഹവാത്സല്യത്തോടെയും ബഹുമാനത്തോടെയും വിളിക്കുന്ന ടി.പി.രാമകൃഷ്ണൻ പെട്ടെന്ന് പൊട്ടിമുളച്ച നേതാവല്ല. ബ്രാഞ്ച് സെക്രട്ടറി പദത്തിൽ നിന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിവരെ പടിപടിയായ വളർച്ച. അവിടെനിന്ന് സംസ്ഥാന കമ്മിറ്റിയംഗം, തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. ഒപ്പം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ് പദവിയും. കഴിഞ്ഞ ടേമിൽ പിണറായി മന്ത്രിസഭയിൽ എക്‌സൈസ് മന്ത്രിസ്ഥാനം ഏറ്റെടുത്ത് കറകളഞ്ഞ നേതാവെന്ന പേരിനും ഉടമയായി. കോഴിക്കോടിന്റെ മലയോരഗ്രാമമായ പേരാമ്പ്രയിൽ നിന്ന് 56 വർഷമായുള്ള ടി.പി.രാമകൃഷ്ണന്റെ പാർട്ടിയിലെ ഗ്രാഫ് ഇങ്ങനെ. ഒടുവിൽ, ഇ.പി. ജയരാജനു പകരം എൽ.ഡി.എഫ് കൺവീനർ സ്ഥാനം പാർട്ടി അദ്ദേഹത്തെ ഏൽപ്പിക്കുമ്പോൾ ടി.പി എന്ന രണ്ടക്ഷരത്തിന് തിളക്കം കൂടുകയാണ്. ടി.പി കേരളകൗമുദിയുമായി സംസാരിക്കുന്നു. പ്രസക്തഭാഗങ്ങൾ:
ഭാരിച്ച ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്?
പാർട്ടി കൂടെയുള്ളപ്പോൾ അത്തരമൊരു ഭാരവുമില്ല. ഏൽപ്പിക്കുന്ന എല്ലാ ദൗത്യവും കൃത്യമായി നടത്തിയ പാരമ്പര്യമുണ്ട്. 56 വർഷമായി ഈ പാർട്ടിയിൽ. ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങിയതാണ്.
പാർട്ടി ഒരു തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ കാര്യങ്ങൾ എളുപ്പമാണോ?
ഒരിക്കലുമല്ല. ആ അർത്ഥത്തിൽ ഭാരിച്ചതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. അതിനായി മുന്നണിയേയും ഘടകകക്ഷികളേയും സജ്ജമാക്കണം. കക്ഷിനേതാക്കളെയെല്ലാം ബന്ധപ്പെട്ടുവരികയാണ്. അടുത്തുതന്നെ മുന്നണിയോഗം വിളിക്കും. തിരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ ചർച്ച ചെയ്യും.
സാധാരണ നിലയിലുള്ള മാറ്റമല്ല, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനെ മാറ്റിക്കൊണ്ടാണ് കൺവീനർ സ്ഥാനം നൽകിയിരിക്കുന്നത്?
ഞാൻ പങ്കെടുത്ത യോഗത്തിലല്ല തീരുമാനം. മാദ്ധ്യമങ്ങൾ വാർത്ത പുറത്തുവിട്ട ശേഷമാണ് പാർട്ടി ഔദ്യാഗികമായി അറിയിക്കുന്നത്. പാർട്ടി ഒരു തീരുമാനമെടുത്താൽ ആരായാലും അനുസരിക്കണം. പിന്നെ ഇ.പി.യുടെ കാര്യം. അദ്ദേഹത്തിനെതിരെ ഏതെങ്കിലും നടപടിയെടുത്തിട്ടല്ല എന്നെ കൺവീനറാക്കിയത്. പാർട്ടി നേതൃത്വത്തിന് അങ്ങനെയൊരു മാറ്റം വേണമെന്നു തോന്നി. അതു സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം നേരത്തെ പാർട്ടി സെക്രട്ടറി വ്യക്തമാക്കിയതാണ്.
ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറാണ് ഇ.പിയെ കുഴിയിൽ ചാടിച്ച ഒരാൾ, താങ്കളുടെ വീട്ടിലാണ് ജാവദേക്കർ വന്നിരുന്നതെങ്കിലോ?
എന്റെ വീട്ടിലൊന്നും ജാവദേക്കർമാർ വരില്ല. ഇനി എന്റെ വീട്ടിലേക്കാണ് ജാവദേക്കർ കടന്നുവന്നതെങ്കിൽ ആദ്യം പാർട്ടി നേതൃത്വത്തെ അറിയിക്കും. അതിനു ശേഷമാണ് അദ്ദേഹത്തോട് സംസാരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക. ഇ.പി അങ്ങനെ ചെയ്‌തോ ഇല്ലയോ എന്ന് അറിയില്ല. അത് പരിശോധിക്കേണ്ടതും പറയേണ്ടതും പാർട്ടിയാണ്.
കൺവീനറായ ശേഷം ഇ.പി.യെ അങ്ങോട്ടോ, അദ്ദേഹം ഇങ്ങോട്ടോ വിളിച്ചിരുന്നോ?
ഞാൻ പലതവണ വിളിച്ചിരുന്നു, കിട്ടിയില്ല. അദ്ദേഹവും ശ്രമിച്ചിട്ടുണ്ടാവും.
അൻവർ എം.എൽ.എ ഇളക്കിവിട്ടിരിക്കുന്നത് വലിയ കൊടുങ്കാറ്റാണ്. പി.ശശിക്കെതിരേയും ആരോപണമുണ്ടായി?
അൻവർ ഉയർത്തിയത് ഗുരുതരമായ വിഷയമാണ്. അതു പറയേണ്ടത് അങ്ങനെയായിരുന്നോ എന്നതിൽ സംശയമുണ്ട്. എന്തായാലും പാർട്ടിയും സർക്കാരും ഗൗരവമായെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു. മുന്നണി കൺവീനർ എന്ന നിലയിൽ ഇന്നോ നാളെയോ അൻവറെ വിളിക്കുകയോ കാണുകയോ ചെയ്യും. കാര്യങ്ങൾ വിശദമായി പഠിച്ചശേഷമേ അക്കാര്യത്തിൽ നിലപാട് പറയാനാവൂ. പിന്നെ, പി. ശശിക്കെതിരായ ആരോപണങ്ങളിൽ മറുപടി പറയേണ്ടത് പാർട്ടി സെക്രട്ടറിയാണ്.
പാർട്ടി നേതാക്കൾ സമ്പത്തിനു പിറകേ ഓടുകയാണെന്ന് പൊതുവേ ആരോപണം ഉയരുന്നുണ്ട്?
അങ്ങനെയൊരു ആക്ഷേപം എനിക്കില്ല. അതേസമയം പാർട്ടി നേതാക്കളുടെ പ്രവർത്തനങ്ങളിലും ജീവിതരീതിയിലും ഒരുപാട് തിരുത്തലുകൾ ആവശ്യമായിട്ടുണ്ട്. വരുന്ന സമ്മേളന കാലങ്ങളിൽ വീഴ്ചകളും പോരായ്മകളുമെല്ലാം ചർച്ച ചെയ്ത് പാർട്ടി മുന്നോട്ടുപോവും.
ഒരുപാട് കക്ഷികളാണ് എൽ.ഡി.എഫിൽ. മന്ത്രിസ്ഥാനം ഉള്ളവരും ഇല്ലാത്തവരുമെല്ലാം ബഹളത്തിലാണ്?
ഇപ്പോഴുള്ളതു മാത്രമല്ല, എനിയും ഒരുപാടു പേർ വരാനുണ്ട്. എൽ.ഡി.എഫിൽ ചെറുതും വലുതുമില്ല. എല്ലാകക്ഷികളും ഒരുപോലെയാണ്. അവരെയെല്ലാം കേട്ടും ചേർത്തുപിടിച്ചും മുന്നോട്ടുപോകും. സർക്കാരിനെ കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ടുപോകലാണ് എൽ.ഡി.എഫിന്റെ മുഖ്യ അജണ്ട.