 
ബേപ്പൂർ: കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വസതിയായ വൈലാലിന്റെ വിളിപ്പാടകലെ ബി.സി റോഡിൽ ആകാശമിഠായി എന്ന് പേരിട്ട ബഷീർ സ്മാരക മന്ദിരം ഉടൻ ഉദ്ഘാടനം ചെയ്യും. സ്മാരക മന്ദിരത്തിന്റെ സമീപത്തായി പ്രവർത്തിക്കുന്ന ഉരു നിർമ്മാണ കേന്ദ്രത്തിലേക്ക് സ്മാരക മന്ദിരത്തിൽ നിന്ന് പാത ഒരുക്കാനും പദ്ധതിയുണ്ട്. സ്മാരക നിർമ്മാണ പുരോഗതി വിലയിരുത്താനായി മന്ത്രി മുഹമ്മദ് റിയാസ് മന്ദിരം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.
സാമ്പത്തിക പ്രതിസന്ധിയിലും സ്മാരകത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണെന്നും സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തടസങ്ങൾ നീങ്ങിയെന്നും വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് എല്ലാവരുടെയും കൂട്ടായ്മയുടെ വിജയമാണ് നടക്കുന്നതെന്നും റിയാസ് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിന്റെ സജീവമായ ഇടപെടലാണ് ആകാശ മിഠായി യാഥാർത്ഥ്യമാകുന്നതെന്ന് ബഷീറിന്റെ മകൻ അനീസ് പറഞ്ഞു. മന്ത്രി റിയാസാണ് സ്മാരക മന്ദിരത്തിന് ആകാശമിഠായി എന്ന പേര് നിർദ്ദേശിച്ചത്. മന്ദിരത്തിലെ ഓപ്പൺ തിയേറ്ററുകളിൽ വിദ്യാർത്ഥികൾക്ക് സാഹിത്യത്താളുകളിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള വേദി ഒരുക്കണമെന്നും അനീസ് അഭിപ്രായപെട്ടു. ബഷീറിന്റെ മകൾ ഷാഹിന ബഷീറും സ്ഥലത്തെത്തിയിരുന്നു.
കോർപ്പറേഷന്റെ സഹകരണത്തോടെ വിനോദ സഞ്ചാര വകുപ്പാണ് സ്മാരകം നിർമ്മിക്കുന്നത്. ബിസി റോഡിൽ പഴയ കമ്മ്യൂണിറ്റി ഹാൾ പൊളിച്ച് നീക്കിയാണ് സ്മാരകം നിർമ്മിക്കുന്നത്. നിർമ്മാണത്തിന്റെ ഒന്നാംഘട്ടത്തിൽ 7 .37 കോടി രൂപയാണ് ചെലവിടുന്നത്. ആംഫി തിയേറ്റർ, കൾച്ചറൽ സെന്റർ, കമ്മ്യൂണിറ്റി ഹാൾ, ഗവേഷണകേന്ദ്രം, ബഷീർ മ്യൂസിയം, ഗ്രന്ഥാലയം, കുട്ടികളുടെ പാർക്ക്, വാക്ക് വേ, ഫുഡ് സ്റ്റാൾ , മിനി ഓപ്പൺ തിയേറ്റർ എന്നിവയാണ് ആദ്യം ഉയരുക. മേയർ ബീനാ ഫിലിപ്പ്, ഡപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ്, കളക്ടർ സ്നേഹിൽകുമാർ സിംഗ്, കൗൺസിലർമാരായ ടി.രജനി, ഗിരിജ, ഷാമിന, ടൂറിസം ജോയിൻ്റ് ഡയറക്ടർ ഗിരീഷ് കുമാർ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ഡി.ടി.പി.സി സിക്രട്ടറി നിഖിൽ ദാസ്, ആർക്കിടെക്ട് വിനോദ് സിറിയക് തുടങ്ങിയവരും പങ്കെടുത്തു.