
കോഴിക്കോട്: ആധുനിക സൗകര്യങ്ങളൊരുക്കി നവീകരിച്ച കോർപ്പറേഷൻ ഓഫീസ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജനങ്ങൾക്ക് സമർപ്പിച്ചു. സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനുമായി പ്രത്യേക ഡെസ്ക്, ടോക്കൺ സംവിധാനം, വിശാലമായ ഇരിപ്പിട സൗകര്യങ്ങൾ എന്നിവ ഫ്രണ്ട് ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്. വയോജനങ്ങൾക്കായുള്ള സൗഹൃദ കോർണറിൽ മികച്ച ഇരിപ്പിട സൗകര്യങ്ങളും പുസ്തകങ്ങളും ലഭ്യമാണ്. ഭിന്നശേഷിക്കാർക്കായി പ്രത്യേക റാംമ്പ്, ഫീഡിംഗ് റൂം എന്നിവയുമുണ്ട്. കാത്തിരിപ്പ് ഏരിയയിൽ കോഴിക്കോട് ഐ.ഐ.എയുമായി സഹകരിച്ച് മിനി ലൈബ്രറി സജ്ജീകരിക്കുന്നുണ്ട്. കമ്പ്യൂട്ടർ, ലാപ്ടോപ്പ്, നെറ്റ്‌വർക്ക് സംവിധാനം പുതുക്കി സജ്ജീകരിച്ചു. ഐ.എസ്.ഒ സ്റ്റാൻഡേർഡ് പ്രകാരമാണ് ഓഫീസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഓഫീസും പരിസരവും നിരീക്ഷിക്കുന്നതിനായി സി.സി ടിവി സ്ഥാപിച്ചിട്ടുണ്ട്.
മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മുൻ മേയർമാരായ ടി.പി.ദാസൻ, ഒ.രാജഗോപാൽ, മുൻ ഡെപ്യൂട്ടി മേയർമാരായ പി.ടി.അബ്ദുൽ ലത്തീഫ്, പി.കിഷൻചന്ദ്, സ്ഥിരം സമിതി ചെയർമാന്മാരായ ഒ.പി.ഷിജിന, പി.ദിവാകരൻ, ഡോ. എസ്.ജയശ്രീ, പി.സി.രാജൻ, കൃഷ്ണകുമാരി, പി.കെ.നാസർ, സി.രേഖ എന്നിവരും കൗൺസിലർമാരും മുൻ കൗൺസിലർമാരും പങ്കെടുത്തു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് സ്വഗതവും കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി നന്ദിയും പറഞ്ഞു.