കോഴിക്കോട്: ജില്ലയുടെ സമരമുഖത്തെ കണ്ണീർ പൊട്ടാണ് കോംട്രസ്റ്റ്. 2009ൽ പൂർണമായും പൂട്ടുവീണ മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി നൂറുകണക്കിന് തൊഴിലാളികളെയാണ് വഴിയാധാരമാക്കിയത്. കിഡ്‌സൻകോർണറിൽ സമര പന്തൽകെട്ടി തൊഴിലാളികൾ നടത്തുന്ന സമരം മാസങ്ങൾ പിന്നിട്ടു. ഇടക്കിടക്ക് വന്നുപോകുന്ന ചില അഭിവാദ്യങ്ങളൊഴിച്ചാൽ മറ്റ് ചലനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അധികൃതരും രാഷ്ട്രീയപാർട്ടികളുമെല്ലാം കണ്ണടച്ചു. അതിനൊരു പരിഹാരവും ആശ്വാസവുമാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസും ബി.ജെ.പിയും ഇന്നലെ നടത്തിയ സമരം.
കോർപ്പറേഷനിൽ പവർ
'മാഫിയ': വി.കെ.സജീവൻ
കോഴിക്കോട്: കോർപ്പറേഷനിൽ ഭരണം നിയന്ത്രിക്കുന്നത് പവർ 'മാഫിയ" ആണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. മേയർക്കും കൗൺസിലർമാർക്കും ഒരധികാരവുമില്ല. കാര്യങ്ങൾ നിയന്ത്രിക്കുന്നത് വൻകിട സ്വകാര്യകമ്പനിയും ഇടത് രാഷ്ട്രീയ നേതാക്കന്മാരുമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഏറ്റെടുത്ത കോംട്രസ്റ്റ് ഭൂമിയിൽ കോർപ്പറേഷൻ അറിവോടെ നടത്തിയ കൈയേറ്റ കാർപാർക്കിംഗ് സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, മറ്റു കൗൺസിലർമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സർക്കാരും കോർപ്പറേഷനും ചേർന്ന്
കൂട്ടുകച്ചവടം ചെയ്യുന്നു: കെ.പ്രവീൺകുമാർ
കോഴിക്കോട്: സർക്കാർ ഏറ്റെടുത്ത കോംട്രസ്റ്റിന്റെ ഭൂമി കോർപ്പറേഷനും സർക്കാരും സി.പി.എമ്മും കൈയേറ്റം നടത്തി കച്ചവടം നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. പ്രസ്തുത സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഏറ്റെടുത്ത് രാഷ്ട്രപതി ഒപ്പുവെച്ച് ഗസറ്റിൽ വിജ്ഞാപനം ചെയ്ത് അത് സംബന്ധിച്ച നിയമപരമായ തർക്കം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കോഴിക്കോട് കോർപ്പറേഷൻ വി.കെ.സി.മമ്മദ് കോയക്ക് പേ പാർക്കിംഗിനും താത്കാലിക കെട്ടിടത്തിനും അനുമതി കൊടുക്കുന്നത്. ഇത് നിയമവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. കോഴിക്കോട്ടെ കണ്ണായ സ്ഥലം സ്ഥിതിചെയ്യുന്ന കോംട്രസ്റ്റ് ഭൂമി തൂക്കിവിൽക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെയും കോർപ്പറേഷന്റെയും നടപടിക്കെതിരെ ശക്തമായ സമരവുമായി കോൺഗ്രസ് രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി മെമ്പർ കെ.രാമചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.കെ.അബൂബക്കർ, മമ്മദ് കോയ, രാജേഷ് കീഴരിയൂർ, എൻ.ഷെറിൽബാബു, ബ്ലോക്ക് പ്രസിഡന്റുമാരായ പി.കൃഷ്ണകുമാർ, രാജീവ് തിരുവച്ചിറ, ബാബുരാജ്, പി.വി.ബിനീഷ്‌കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.