
പേരാമ്പ്ര: താലൂക്ക് ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടുകൂടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആരോഗ്യമേഖലയിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുൻ കാലങ്ങളിൽ വാർഷിക, വിഹിതത്തിൽ നിന്ന് വിവിധഘട്ടങ്ങളിലായി തുക അനുവദിച്ചാണ് കോടികൾ ചെലവ് വരുന്ന പദ്ധതികൾ നടപ്പിലാക്കിയിരുന്നത്. അതിനാൽ പദ്ധതി പൂർത്തിയാക്കാൻ പത്തും ഇരുപതും വർഷങ്ങൾ എടുത്തിരുന്നു. എന്നാൽ കിഫ്ബി വന്നതോടെ വലിയ പദ്ധതികൾക്ക് ഒന്നിച്ച് തുക അനുവദിച്ച് അതിവേഗം പൂർത്തിയാക്കാനുള്ള സാഹചര്യമൊരുങ്ങിയെന്നും മന്ത്രി പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.പി.റീന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുൻ എം.എൽ.എ.മാരായ എ.കെ.പത്മനാഭൻ, കെ.കുഞ്ഞമ്മത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ.പ്രമോദ്, ശാരദ പട്ടേരിക്കണ്ടി, കെ.കെ.ബിന്ദു, എൻ.ടി.ഷിജിത്ത് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ, സി.എം.ബാബു, ശശികുമാർ പേരാമ്പ്ര, വിനോദ് തിരുവോത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ഖാദർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. പി.കെ.ബൈജു നന്ദിയും പറഞ്ഞു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 76 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഉടൻ നടക്കുന്നത്. 56 കോടിരൂപ ബഹുനില കെട്ടിടത്തിനും 20 കോടി രൂപ ഉപകരണങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾക്കും വേണ്ടി വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫോട്ടോ: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോട് കൂടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥപനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു