കുന്ദമംഗലം: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ തീപടർന്നാൽ ഇനി എളുപ്പം രക്ഷപ്പെടാം. ഇതിനായി ഒരു കമ്പ്യൂട്ടർ പ്രോഗ്രാം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കുന്ദമംഗലം ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി ഫഹ് രിഫറാസ്. ഏറണാകുളം ഇടപ്പള്ളിയിൽ നടന്ന ലിറ്റിൽകൈറ്റ്സ് സംസ്ഥാനക്യാമ്പിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, ലിറ്റിൽകൈറ്റ്സ് സി.ഇ.ഒ.കെ.അൻവർസാദത്ത് എന്നിവർക്ക് മുമ്പിൽ ഫഹ് രിഫറാസ് തന്റെ ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമായുള്ള പ്രോഗ്രാമിംഗ്, മിനിയേച്ചർ മോഡലിൽ ഭംഗിയായി അവതരിപ്പിച്ചു.
ഗൂഗിളിന്റെയും യൂട്യൂബിന്റെയും സഹായത്തോടെ പൈത്തണും ആർഡിയുനോയും ഉപയോഗിച്ചാണ് ഫഹ് രി പ്രോഗ്രാമിംഗ് തയ്യാറാക്കിയിട്ടുള്ളത്. ഈ അടുത്തകാലത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ തീപടർന്ന് രക്ഷപ്പെടാൻ പോലും കഴിയാതെ ഒട്ടേറെ യാത്രക്കാർ അഗ്നിക്കിരയായ ദുരന്ത വാർത്തകളാണ് ഫഹ്‌രിക്ക് ഇത്തരമൊരു പ്രോഗ്രാമിംഗ് തയ്യാറാക്കാനുള്ള പ്രചോദനമായത്. ഫഹ്‌രിയുടെ പ്രോഗ്രാം കണക്ട് ചെയ്ത ഒരു വാഹനത്തിൽ തീയുടെ സാന്നിദ്ധ്യമുണ്ടായാൽ സെക്കന്റുകൾക്കുള്ളിൽതന്നെ വാഹനങ്ങളുടെ വാതിലുകൾ സ്വമേധയാ തുറക്കപ്പെടും. അതുമാത്രമല്ല അപ്പോൾതന്നെ ഏറ്റവും അടുത്തഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ കോൾ റിംഗ് ചെയ്ത് ലൊക്കേഷൻ സഹിതം സന്ദേശവും പോകും. ഒപ്പം ഉച്ചത്തിൽ അലാറവും മുഴക്കും. ഒരു മിനിയേച്ചർ കാറിലാണ് ഫഹ്‌രി തന്റെ പ്രോഗ്രാമിംഗ് വർക്കിംഗ് മോഡലായി അധികൃതർക്കുമുമ്പിൽ അവതരിപ്പിച്ച് കൈയടി നേടിയത്. വരുംദിവസങ്ങളിൽ ഈ പ്രോഗ്രാമിംഗ് ഒന്നുകൂടി കൂടുതൽ സുരക്ഷാസംവിധാനങ്ങളുമായി വികസിപ്പിക്കുമെന്ന് ഫഹ്‌രി പറഞ്ഞു. കോഴിക്കോട് സിവിൽസ്റ്റേഷന് സമീപം താമസിക്കുന്ന പബ്ലിക്കേഷൻ ഡിസൈനർ വി.കെ.ഹാരിസിന്റെയും അസി.പ്രൊഫസർ ഫാത്തിമഫസീലയുടെയും മകനാണ് ഫഹ്‌രി ഫറാസ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമിംഗ്, ആനിമേഷൻ തുടങ്ങിയ മേഖലകളിൽ മികവുതെളിയിച്ച ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ് ലിറ്റിൽകൈറ്റ്സ് ക്യാമ്പിൽ പങ്കെടുത്തിരുന്നത്.