 
 ഒരുവർഷം കഴിഞ്ഞിട്ടും തകർന്ന ബീച്ച് നന്നാക്കാൻ നടപടിയില്ല
കോഴിക്കോട്: ഭട്ട് റോഡ് ബീച്ചിലേക്കാണെങ്കിൽ ഒന്ന് ശ്രദ്ധിക്കണം. ഒരുവർഷം മുമ്പ് കടലെടുത്ത ബീച്ചും പരിസരവും ഓരോ ദിവസം കഴിയുന്തോറും അപകടാവസ്ഥയിലാവുകയാണ്. അവധിദിവസങ്ങളിൽ നിരവധിയാളുകൾ എത്തുന്ന ബീച്ചാണിത്. ബീച്ച് കടലെടുത്ത പാർക്ക്, നടപ്പാത, പൊട്ടിപ്പൊളിഞ്ഞ് താഴ്ന്ന ഇന്റർലോക്ക് എന്നിവയാണ് ഇപ്പോൾ ബീച്ചിലെ കാഴ്ച. ആളുകൾ ഇരിക്കുന്ന ഭാഗവും പൊളിഞ്ഞു. മേൽക്കൂരയുള്ള ചെറിയ 'ഹട്ടു'കളിൽ ചിലത് താഴ്ന്നു. ഇന്റർലോക്കുകൾ പൊട്ടി ഉള്ളിലുള്ള പൈപ്പുകൾ പലതും പുറത്തെത്തി. കുഞ്ഞുങ്ങളുൾപ്പെടെ അപകടത്തിൽപ്പെടുന്ന സ്ഥിതിയാണ്. 2021 ലാണ് 2.15 കോടി രൂപ ചെലവിട്ട് പാർക്ക് നവീകരിച്ചത്. നഗരത്തിരക്കുകളിൽ നിന്നു മാറി കുടുംബത്തോടൊപ്പം സമയംചെലവഴിക്കാൻ പറ്റിയിരുന്ന സ്ഥലമായിരുന്നു ഇതെന്നും ഇപ്പോൾ കുട്ടികളെക്കൊണ്ട് ഇങ്ങോട്ട് വരുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും സന്ദർശകരും പറയുന്നു.
ഒരുവർഷം കഴിഞ്ഞിട്ടും പരിഹാരമില്ല
2023 ജൂലായ് 19നാണ് തീരം പൂർണമായും കടലെടുത്തത്. നേരത്തേ ബീച്ചിലെത്തുന്നവർക്ക് പൂഴിമണ്ണിൽ ഇരിക്കാനും കളിക്കാനുമെല്ലാം ആവശ്യത്തിന് ഇടമുണ്ടായിരുന്നു. എന്നാൽ, തീരം കടലെടുത്തതോടെ തിരയടിച്ചാൽ ഇവിടെ ഇരിക്കാനാവില്ല.
കുട്ടികൾക്കുള്ള കളിയുപകരണങ്ങളും നശിച്ചു
കേടായ കളിയുപകരണങ്ങൾ, അതുപോലെ മുമ്പ് പൊട്ടിവീണ മരത്തിന്റെ അവശിഷ്ടങ്ങൾ എന്നിവയെല്ലാം അവിടവിടെ കിടപ്പുണ്ട്. കുട്ടികൾക്ക് ബോട്ടോടിക്കാനും മറ്റും സൗകര്യമുള്ള ചെറിയ കുളമുണ്ടെങ്കിലും അതിനുപുറത്ത് പലപ്പോഴും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഈ വെള്ളത്തിൽ കൂത്താടികളും മറ്റും വളരുന്നുമുണ്ട്. പാർക്കിനെയും ബീച്ചിനെയും വേർതിരിക്കുന്ന കെട്ടുകൾ തകർന്നു. അതിനുമുകളിലുള്ള വിളക്കുകാലുകൾ, അത് സ്ഥാപിച്ചിരുന്ന ഭാഗം എല്ലാം പൊട്ടി. ബീച്ചിലേക്കിറങ്ങുന്ന പടികൾ കാണാനേയില്ല. വിളക്കുകാലുകളുടെ ചെറിയ കുറ്റികളും അവശിഷ്ടങ്ങളും അവിടവിടെ കിടക്കുന്നുണ്ട്.
പൊളിഞ്ഞഭാഗം നവീകരിക്കാനായി കോർപ്പറേഷൻ അടിയന്തര ഇടപെടൽ നടത്തും. ഡി.ടി.പി.സിക്കാണ് ചുമതലയുള്ളത്.
പി.സി രാജൻ
ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി