കോഴിക്കോട്: ഏഴരകോടി രൂപ ചെലവിൽ പുതിയാപ്പയിൽ നടപ്പാക്കുന്ന മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ബോട്ട് റിപ്പയർ യാർഡ് നിർമ്മിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. മത്സ്യഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന ആലോചനായോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മാതൃകാ മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷ് കിയോസ്‌ക് കം കോൾഡ് സ്റ്റോറേജ്, വല നെയ്ത്ത് ഷെഡ് നിർമ്മാണം, മത്സ്യത്തൊഴിലാളികൾക്ക് മത്സ്യവിൽപ്പന നടത്തുന്നതിനായി ഇ സ്‌കൂട്ടറും ഐസ് ബോക്‌സും, കൃത്രിമപാര്, സീഫുഡ് കിച്ചൺ റസ്റ്റോറന്റ്, സോളാർ ഫിഷ് ഡ്രയർ യൂണിറ്റ്, ഫിഷ് മാർക്കറ്റ് നവീകരണം, ഹൈമാസ്റ്റ് ലൈറ്റ് തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ യോഗത്തിൽ ധാരണയായി. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ തീരദേശ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് മാതൃകാ മത്സ്യഗ്രാമം.
യോഗത്തിൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഒ.പി ഷിജിന, മത്സ്യഫെഡ് സ്റ്റേറ്റ് ഡയറക്ടർ ബോർഡ് മെമ്പർ വി.കെ മോഹൻദാസ്, തഹസിൽദാർ പ്രേംലാൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി വി സതീഷൻ, കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപ്പറേഷൻ റീജിയണൽ മാനേജർ കെ ബി രമേശ്, സി.എം.എഫ്ആർ.ഐ സയന്റിസ്റ്റ് അനുലക്ഷ്മി, ഹാർബർ എൻജിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എ.സതീശൻ, വിവിധ സംഘടനാ പ്രതിനിധികളായ സി.ഗണേശൻ, കെ.വി സുന്ദരേശൻ, വി.ഉമേഷൻ, എം.കെ ജിതേന്ദ്രൻ, രാജേന്ദ്രൻ എം തുടങ്ങിയവർ പങ്കെടുത്തു.