movie

കോഴിക്കോട്: സിനിമാ യൂണിറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുന്നത് ഉറപ്പാക്കുമെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവി. കേരള വനിതാ കമ്മിഷൻ കടലുണ്ടിയിൽ സംഘടിപ്പിക്കുന്ന ദ്വിദിന തീരദേശ ക്യാമ്പിന്റെ ഭാഗമായുള്ള ഏകോപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പോഷ് നിയമപ്രകാരം എല്ലാ തൊഴിൽ മേഖലയിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. സിനിമാ മേഖലയിലെ ഓരോ യൂണിറ്റിലും പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിട്ടിട്ടും പല യൂണിറ്റുകളിലും കമ്മിറ്റി രൂപീകരിച്ചിട്ടില്ല.
ഐ.പി.സി 498 എ പ്രകാരം സ്ത്രീകൾക്ക് രാജ്യത്ത് പ്രത്യേക പരിഗണന ലഭിക്കേണ്ടതാണ്. അത് ഉണ്ടാകാത്തതിനാൽ ഗാർഹിക പീഡന നിരോധന നിയമം കൊണ്ടുവന്നു. 2012ൽ ഡൽഹിയിലുണ്ടായ ക്രൂര പീഡനക്കേസിനു ശേഷമാണ് ജസ്റ്റിസ് വർമ്മ കമ്മിഷൻ വന്നതും പോഷ് നിയമം തയ്യാറാക്കിയതും. 10 വർഷം കഴിഞ്ഞിട്ടും ഈ നിയമം പൂർണതോതിൽ നടപ്പിലാക്കാനായിട്ടില്ലെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ ചൂണ്ടിക്കാട്ടി.

കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഏകോപന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബി. അനുഷ അദ്ധ്യക്ഷയായി.