fdvcbgh
കടലുണ്ടി ഒന്നാംവാർഡിലെ സി 109ാം നമ്പർ ഉദയ അങ്കണവാടിയിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി സന്ദർശിച്ചപ്പോൾ

കോഴിക്കോട്: സ്കൂളിൽ പുതുതായി എത്തിയ അതിഥി കണ്ട് കുട്ടികൾ ആദ്യമൊന്ന് പകച്ചു നിന്നെങ്കിലും പെട്ടെന്നുതന്നെ കളിയുംചിരിയുമായി അവർ കൂടെച്ചേർന്നു. അപ്രതീക്ഷിതമായി കുരുന്നുകൾക്കിടയിലേക്ക് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി എത്തിയതാണ് കുട്ടികൾക്ക് കൗതുകമായത്. കടലുണ്ടി ഒന്നാംവാർഡിലെ സി 109ാം നമ്പർ ഉദയ അങ്കണവാടിയിലാണ് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അപ്രതീക്ഷിതമായി എത്തിയത്. വനിതാ കമ്മിഷൻ സംഘടിപ്പിച്ച തീരദേശ ദ്വിദിന ക്യാമ്പിന്റെ ഭാഗമായി തീരപ്രദേശത്ത് ഒറ്റപ്പെട്ട് താമസിക്കുന്നവരും രോഗബാധിതരുമായ വനിതകളുടെ വീടുകൾ സന്ദർശിക്കുന്നതിനിടയിലായിരുന്നു ഇത്.

കുട്ടികളുടെ നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം ചോദിച്ചറിഞ്ഞ അഡ്വ. പി. സതീദേവി എളുപ്പത്തിൽ അവരെ കൈയിലെടുത്തു. അവർക്കൊപ്പം പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുറച്ചു നേരം സ്കൂളിൽ ചെലവഴിച്ചാണ് അവർ മടങ്ങിയത്. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ, വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പച്ചാട്ട്, എക്സ്റ്റൻഷൻ ഓഫീസർ ഡോ. കെ വിജുല, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ.ദിവ്യ, വാർഡ് അംഗം റബീലത്ത്, സാഗരമിത്ര തൻസില എന്നിവരും ഒപ്പമുണ്ടായിരുന്നു.