
കോഴിക്കോട്: ഉയർന്ന പി.എഫ് പെൻഷന് അപേക്ഷിച്ചവർക്ക് എത്ര പെൻഷൻ കിട്ടുമെന്ന് എളുപ്പത്തിലറിയാം. ഇതിനുള്ള കാൽക്കുലേറ്ററാണ് ഇ.പി.എഫ്.ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) സജ്ജമാക്കിയത്. ഉയർന്ന പെൻഷന് അധികമായി അടയ്ക്കാനുള്ള തുക അറിയിച്ചുകൊണ്ട് ഡിമാൻഡ് നോട്ടീസ് ലഭിച്ചവർക്കാണ് കാൽക്കുലേറ്റർ ഉപയോഗിക്കാനാകുക. സർവീസിലുള്ളവർക്ക് ഡിമാൻഡ് നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ വിരമിച്ചാൽ എത്ര പെൻഷൻ കിട്ടുമെന്ന് പരിശോധിക്കാം. എന്നാൽ, ഭാവിയിലുള്ള വിരമിക്കൽ തിയതി വച്ച് കണക്കുകൂട്ടാൻ കഴിയില്ല. വിരമിച്ചത് 2014 സെപ്തംബർ ഒന്നിനു ശേഷമാണെങ്കിൽ പെൻഷൻ പ്രോ –റേറ്റ അടിസ്ഥാനത്തിലാണു (ആനുപാതിക നിർണയരീതി) കണക്കാക്കുന്നത്.
# Track application status for pension on higher wages എന്നു ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇ.പി.എഫ്.ഒയുടെ വെബ്സൈറ്റിൽ ലിങ്ക് ലഭിക്കുന്ന പേജ് കാണാം. അപേക്ഷ ട്രാക്ക് ചെയ്ത വിൻഡോയിൽ അപേക്ഷകരുടെ യു.എ.എൻ നമ്പർ, പെൻഷൻ പേയ്മെന്റ് ഓർഡർ നമ്പർ, അപേക്ഷ നൽകിയപ്പോൾ ലഭിച്ച അക്നോളജ്മെന്റ് നമ്പർ എന്നിവയിൽ ഏതെങ്കിലുമൊന്നു നൽകണം.
# ഒ.ടി.പി നൽകുമ്പോൾ അപേക്ഷയുടെ തത്‌സ്ഥിതി പേജ് വരും. ഇതിനു ചുവടെ Calculate your pension എന്ന ബട്ടൺ കാണും. ഡിമാൻഡ് നോട്ടീസ് അയച്ചുകഴിഞ്ഞ് ഈ ബട്ടണിൽ ക്ലിക്ക് ചെയ്യാം.
# തുറന്നുവരുന്ന പേജിൽ ജനനത്തീയതി, പി.എഫിൽ അംഗമായ തീയതി, വിരമിച്ച തീയതി എന്നിവ പൂരിപ്പിക്കണം. പി.എഫ് വിഹിതം അടച്ചിട്ടില്ലാത്ത കാലയളവുണ്ടെങ്കിൽ അത് എത്ര ദിവസമെന്ന് എൻ.സി.പി (നോൺ കോൺട്രിബ്യൂട്ടറി പിരീഡ്) എന്ന കോളത്തിൽ പൂരിപ്പിക്കണം. പി.എഫ് വിഹിതം മുടങ്ങിയിട്ടില്ലെങ്കിൽ ‘നോ’ നൽകാം.
# 2014 സെപ്തംബർ ഒന്നിനുശേഷം വിരമിച്ചവരാണെങ്കിൽ 2014 ഓഗസ്റ്റ് 31 വരെയുള്ള സേവനകാലത്തെ ഉയർന്ന പ്രതിമാസ ശമ്പളം എത്രയെന്നും വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള 60 മാസത്തെ ശമ്പള ശരാശരി എത്രയെന്നും പൂരിപ്പിക്കണം. ഇത് ഇ.പി.എഫ്.ഒ വെബ്സൈറ്റിലുള്ള മെമ്പർ പാസ്ബുക്ക് നോക്കിചേർക്കാം. വീണ്ടും Calculate ബട്ടണിൽ ക്ലിക് ചെയ്താൽ പെൻഷൻ തുകയുടെ വിവരങ്ങൾ കാണാം.