1

നല്ല ചൂടുള്ള പഴംപൊരി,​ ഉന്നക്കായ,​ കല്ലുമ്മക്കായ പൊരിച്ചത്.... ആഹാ കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നുണ്ടല്ലേ?​ നല്ല നാടൻ കോഴിക്കോടൻ പലഹാരങ്ങൾ ഫെെഫ് സ്റ്റാർ ലെവലിൽ കഴിക്കാൻ ഇനി കോഴിക്കോട് ബീച്ചിലേക്ക് വണ്ടികയറിക്കൊള്ളൂ. ഒരു കോയിക്കോടൻ ഭാഷയിൽ പറഞ്ഞാൽ ങ്ങള് വന്നോളീം തീന്നോളീം പോയ്‌ക്കോളീം... കോഴിക്കോടൻ ബീച്ചിലെ വൈകുന്നേരത്തെ ഭംഗി കൂടുതൽ മനോഹരമാക്കാൻ സംസ്ഥാനത്തെ ആദ്യത്തെ വെന്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റാണ് ബീച്ചിൽ ഒരുങ്ങുന്നത്. അതിവേഗം നിർമ്മാണം പുരോഗമിക്കുന്ന ഫുഡ്സ്ട്രീറ്റിൽ 90 തട്ടുകടകളാണ് ഒരുങ്ങുക. സാഹിത്യനഗരത്തിന് തിലകക്കുറിയാകുന്ന ഫുഡ്സ്ട്രീറ്റിൽ ഇനി കല്ലുമ്മക്കായ പൊരിക്കുന്നതിന്റെ മണത്തിനൊപ്പം ബാബുരാജിന്റെയും അബ്ദുൾ ഖാദറിന്റെയുമെല്ലാം ഈണങ്ങളും മനം കവരും.

തട്ടുകടകളെത്തി,

നവംബറിൽ തുടക്കം

കോഴിക്കോടിന്റെ പരമ്പരാഗത രുചിയും ഗുണനിലവാരവുമുള്ള ഭക്ഷണവും ശുചിത്വ പൂർണമായ അന്തരീക്ഷത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബീച്ചിൽ സ്ഥാപിക്കുന്ന ഫുഡ് സ്ട്രീറ്റിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഫുഡ് സ്ട്രീറ്റ് ഹബ്ബ് (തെരുവു ഭക്ഷണ വില്പന കേന്ദ്രം) തട്ടുകടയുടെ മാതൃകൾ വ്യാപാരികൾക്കായി കോർപറേഷൻ കഴിഞ്ഞ ദിവസമാണ് എത്തിച്ചത്. ഡി എർത്ത് ആർകിടെക്റ്റ് രൂപകല്പന ചെയ്ത് പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസാണ് തട്ടുകടകൾ നിർമ്മിച്ചത്. ഇത് വ്യാപാരികൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് മറ്റ് 89 വ്യാപാരികൾക്കായുള്ള തട്ടുകടകൾ എത്തിക്കാനുള്ള നീക്കത്തിലാണ് കോർറേഷനെന്ന് കോർപ്പറേഷൻ ക്ഷേമകാര്യ സമിതി ചെയർമാൻ പി.ദിവാകരൻ പറഞ്ഞു. കടൽക്കാറ്റേറ്റ് തുരുമ്പ് പിടിക്കാതിരിക്കാൻ ഗുണമേന്മയുള്ള സ്റ്റീലാണ് ബങ്കുകളിൽ ഉപയോഗിച്ചിരിക്കുന്നത്. വാഹനങ്ങളിൽ ശുദ്ധജലം, വെെദ്യുതി, ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. മഴയത്തും കച്ചവടം മുടങ്ങാത്ത തരത്തിൽ കച്ചവടം ചെയ്യാനുള്ള ക്രമീകരണങ്ങളും സജ്ജമാണ്. ഒരു തട്ടുകടയ്ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ ചെലവ് വരുമെന്നാണ് കണക്ക്. നിലവിൽ കോർപ്പറേഷൻ ഓഫീസിന്റെ എതിർവശത്തെ ബീച്ചിൽ മണ്ണ് നീക്കി തട്ടുകടകൾ ഉറപ്പിച്ച് നിറുത്താനുള്ള പ്ലാറ്റ്ഫോം ഒരുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 60 ശതമാനത്തേളം പ്രവൃത്തി പൂർത്തിയായിട്ടുണ്ടെന്നും നവംബർ ആദ്യവാരത്തോടെ തട്ടുകടകൾ പൊതുജനങ്ങൾക്ക് തുറന്ന് നൽകാൻ സാധിക്കുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.

ആദ്യഘട്ടത്തിൽ 90 എണ്ണം

ഒരേ വരിയിൽ ഒരേ നിറത്തിലുള്ള ബങ്കുകൾ ഉറപ്പിക്കാനുള്ള പ്രവൃത്തികളും ആരംഭിക്കും. 90 കച്ചവടക്കാരാണ് പദ്ധതിയുടെ ഭാഗമാകുന്നത്. തുടർന്ന് വെളിച്ചം, ശുദ്ധജലം, മാലിന്യ സംസ്കരണം തുടങ്ങിയ സംവിധാനങ്ങളുമൊരുക്കും.

വണ്ടിയിൽ നിന്നുണ്ടാകുന്ന മലിനജല സംസ്‌കരണത്തിന് എസ്.ടി.പി സൗകര്യവും സജ്ജമാക്കും. കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. വാഹനങ്ങൾക്ക് പ്രത്യേകം നമ്പർ നൽകുന്നതിനാൽ എളുപ്പത്തിൽ ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ നിബന്ധനകൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ചായിരിക്കും ഭക്ഷണം ലഭിക്കുക. ഇടയ്ക്കിടയ്ക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയുമുണ്ടാകുന്നതിനാൽ ഗുണമേന്മയുള്ള ഭക്ഷണം മടി കൂടാതെ കഴിക്കാം.

പദ്ധതി ഇങ്ങനെ

ഉ​ന്തു​വ​ണ്ടി​ക​ൾ​ക്ക് ​മാ​ത്ര​മാ​യി​ ​ബീ​ച്ചി​ൽ​ ​പ്ര​ത്യേ​ക​ ​മേ​ഖ​ല​യൊ​രു​ക്കു​ന്ന​ ​വെ​ൻ​ഡിം​ഗ് ​സോ​ൺ​ ​പ​ദ്ധ​തി​ക്കൊ​പ്പമാണ്​ ​മോ​ഡേ​ൺ​ ​ഫു​ഡ് ​സ്ട്രീ​റ്റ് ​ഹ​ബ്​ ​കൂ​ടി​ ​ന​ട​പ്പാ​ക്കു​ന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കോർപ്പറേഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പും ദേശീയ ആരോഗ്യദൗത്യവും തദ്ദേശസ്ഥാപനവുമായി ചേർന്ന് ഫുഡ് ഹബ് ഒരുക്കുന്നതായിരുന്നു കേന്ദ്രപദ്ധതി. പിന്നീട് കോർപ്പറേഷന്റെ വെൻഡിംഗ് സോൺ പദ്ധതിക്കൊപ്പം ചേർത്ത് ഒറ്റ പദ്ധതിയായി നടപ്പാക്കുകയായിരുന്നു. 2.41 കോടി രൂപയാണ് പദ്ധതി ചെലവ്. എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായും ഒരു കോടി ഫുഡ് സേഫ്റ്റി വകുപ്പും ബാക്കി തുക കോർപ്പറേഷനുമാണ് വഹിക്കുന്നത്.ഫെബ്രുവരിയിലാണ് ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി എം.ബി രാജേഷ് നിർവഹിച്ചത്.

സാഹിത്യ നഗരത്തിന് അഭിമാനം

ഇന്ത്യയിൽ ആദ്യമായി യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയ നഗരമായ കോഴിക്കോടിന് ഫുഡ് സ്ട്രീറ്റ് ഒരു മുതൽക്കൂട്ടാകും. കോഴിക്കോടിന്റെ ടൂറിസം മേഖലയിൽ അനന്ത സാദ്ധ്യതയാണ് പദ്ധതിയിലൂടെ തുറക്കപ്പെടുന്നത്. അവധി ദിനങ്ങളിലുൾപ്പെടെ ബീച്ചിലെത്തുമ്പോൾ അടുക്കാനാവാത്ത തിരക്കാണ്. ബീച്ചിലെ റോഡിനോട് ചേർന്നുനിൽക്കുന്ന ഓരോ തട്ടുകടകളിലും കല്ലുമ്മക്കായക്കും കാട പൊരിച്ചതിനും വേണ്ടി ആളുകൾ കൂടിനിൽക്കുന്നത് കാണാം. ചൂടുള്ള പലഹാരത്തിനായുള്ള കാത്തിരിപ്പിയിരിക്കും ഓരോരുത്തരും. രാവിലെ തുടങ്ങുന്ന കച്ചവടം രാത്രിവരെ നീളും. വൃത്തിയുള്ള ഭക്ഷണം ലഭിക്കുന്ന വെന്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് പദ്ധതി കൂടെ യാഥാർത്ഥ്യമാകുമ്പോൾ കോഴിക്കോടൻ രുചി തേടിയെത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടിമെന്നാണ് പ്രതീക്ഷ. ഇത് വഴി ജില്ലയുടെ വിനോദസഞ്ചാര മേഖലയിലേക്കും പുതുവഴി തുറക്കപ്പെടും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കോഴിക്കോട്ട് വന്നു താമസിക്കാനും ആശയങ്ങൾ പങ്കുവക്കാനുമുള്ള വേദികൾ ഒരുക്കാനുള്ള പദ്ധതികളും അണിയറയിലുണ്ട്.