1
ഹോം ഷോപ്പ് പദ്ധതി

കോഴിക്കോട്: കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങൾ വീടുകളിലേക്ക് നേരിട്ട് എത്തിച്ചു നൽകുന്ന ഹോം ഷോപ്പ് പദ്ധതി വിജയകരമായ പതിനഞ്ചാം വർഷത്തിലേക്ക്. 2010ൽ ആരംഭിച്ച പദ്ധതിയിൽ ജില്ലയിൽ മാത്രം 1200ഓളം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക സാമ്പത്തിക വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിലാണ് പദ്ധതി ആരംഭിച്ചത്. നിലവിൽ സംസ്ഥാന സർക്കാരിന്റെ കുടുംബശ്രീ ലൈവ് ലി ഹുഡ് ഇനിഷ്യേറ്റീവ് ഫോർ ട്രാൻസ്ഫർമേഷൻ പദ്ധതി (കെ-ലിഫ്റ്റ്) യിൽ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ ജില്ലകളിലും നടപ്പാക്കിവരുന്നുണ്ട്.

ഹോം ഷോപ്പ് സംവിധാനം

കുടുംബശ്രീ അയൽക്കൂട്ട സംരംഭകർ നിർമ്മിക്കുന്ന ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ഹോം ഷോപ്പ് ജില്ലാ മനേജ്‌മെന്റ് ടീം ശേഖരിക്കുകയും വാർഡ് തലത്തിൽ അയൽക്കൂട്ടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഹോം ഷോപ്പ് ഓണർമാരിലൂടെ അയൽക്കൂട്ടങ്ങളിലും അയൽപക്ക പ്രദേശങ്ങളിലും നേരിട്ടെത്തിച്ച് വിപണനം ചെയ്യുന്ന രീതിയാണ് ഹോം ഷോപ്പ് സംവിധാനം.
നിലവിൽ മലപ്പുറം ജില്ലയിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും ജില്ലയിലെ മാനേജ്‌മെന്റ് ടീമാണ്. മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വാർഡുകളിലും രണ്ടുവീതം ഹോംഷോപ്പ് ഓണർമാരെ നിയമിച്ചുകൊണ്ട് കോഴിക്കോട് ജില്ലയെ സമ്പൂർണ ഹോംഷോപ്പ് ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ.

പ്രതിമാസ വേതനത്തിന് പുറമേ കേരളസർക്കാരും ഹോംഷോപ്പ് മാനേജ്‌മെന്റ് ടീമും ഹോംഷോപ്പ് ഉടമകൾക്ക് വേണ്ടി നിരവധി ക്ഷേമപദ്ധതികളും സാമൂഹ്യസുരക്ഷാ പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്. ഹോം ഷോപ്പ് ഉടമകളുടെ മക്കൾക്ക് പ്രതിവർഷം 1200 രൂപ വിദ്യാഭ്യാസ സ്‌ക്കോളർഷിപ്പ് നൽകിവരുന്നുണ്ട്. പ്രൊവിഡന്റ് ഫണ്ടിന് സമാനമായ രീതിയിൽ ഹോംഷോപ്പ് ഉടമകൾക്ക് വേണ്ടി ആവിഷ്‌കരിച്ച ശ്രീനിധി സമ്പാദ്യ പദ്ധതിയിൽ എല്ലാ ഹോംഷോപ്പ് ഉടമകളെയും അംഗമാക്കുന്നുണ്ട്.

അത്തപ്പൂമഴ 10 ന്
ഹോം ഷോപ്പ് പദ്ധതിയുടെ 14ാം വാർഷിക ആഘോഷം അത്തപ്പൂമഴ 10 ന് ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ നടക്കും. ഓണക്കോടി വിതരണം, വയനാട് ഫണ്ട് സമർപ്പണം, ഓണസദ്യ, കലാപരിപാടികൾ എന്നിവ ഉണ്ടാകും. എം.എൽ.എമാരായ ടി.പി രാമകൃഷ്ണൻ കാനത്തിൽ ജമീല, കെ.എം സച്ചിൻദേവ് തുടങ്ങിയവരും കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷൻ ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.