babies
babies

മൂന്നു വർഷത്തിനിടെ 2 കുട്ടികളെ ഫോസ്റ്റർകെയർ വഴി ദത്തെടുത്തു

കോഴിക്കോട്: ചിൽഡ്രൻസ് ഹോമുകളിൽ കഴിയുന്ന പല കുട്ടികൾക്കും ഇനി ദീർഘനാളത്തേക്ക് 'അച്ഛന്റെയും അമ്മയുടെയും' തണലിൽ വീടുകളിൽ കഴിയാം. അവധിക്കാലത്ത് മാത്രം ശിശുസംരക്ഷണകേന്ദ്രങ്ങളിൽ നിന്ന് കുട്ടികളെ ദത്തെടുക്കുന്ന ഫോസ്റ്റർകെയർ രീതി ദീർഘനാളത്തേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് ശിശു ക്ഷേമ വകുപ്പ്. അവധിക്കാലത്ത് രണ്ടുമാസമാണ് ഫോസ്റ്റർകെയറായി കുട്ടികളെ ദത്തെടുക്കാൻ കഴിയുന്നത്. എന്നാൽ വീട്ടുകാർക്ക് താത്പ്പര്യമുണ്ടെങ്കിൽ വീട്ടിലെ ചുറ്റുപാടുകളും കുട്ടികളും അഭിപ്രായവുമെല്ലാം പരിഗണിച്ച ശേഷം ഒരുവർഷത്തേക്കാണ് പദ്ധതി നീട്ടുന്നത്. രണ്ടുവർഷം ഫോസ്റ്റർ കെയർ പൂർത്തിയാക്കിയാൽ നിയമാനുസൃതമായി ദത്ത് നൽകാനാവും. നിയമതടസങ്ങളൊന്നുമില്ലെങ്കിൽ കുട്ടിയെ കൊണ്ടുപോകുന്ന രക്ഷിതാക്കൾക്കുതന്നെ ദത്തെടുക്കാൻ പറ്റും.

അവധിക്കാലത്ത് കുട്ടികൾക്കുണ്ടാകുന്ന പ്രയാസങ്ങൾക്ക് പരിഹാരമെന്ന ഉദ്ദേശത്തോടെയാണ് ഫോസ്റ്റർകെയർ പദ്ധതിക്ക് തുടക്കമായത്. ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റാണ് പദ്ധതി നടപ്പാക്കുന്നത്. അനാഥരായ കുട്ടികളേയും സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വീട്ടിലെ കുട്ടികളേയും മറ്റു പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്ന കുട്ടികളും ഇത്തരത്തിൽ ഫോസ്റ്റർകെയറിനായി ദത്ത് പോവാറുണ്ട്.

" കഴിഞ്ഞ രണ്ടുവർഷങ്ങളിലായി 17 കുട്ടികളാണ് ഫോസ്റ്റർകെയറിനായി പല വീടുകളിലായുള്ളത്. ഗവൺമെന്റിന്റേയും എൻ.ജി.ഒ യുടെയും കീഴിൽ വരുന്ന, ജില്ലയിലെ 23 ഓളം സ്ഥാപനങ്ങളിൽ നിന്നാണ് ഈ കുട്ടികൾ വിവിധ വീടുകളുടെ സ്നേഹത്തണലിലേക്ക് എത്തിയത്. ഒരുകുട്ടി മാത്രമാണ് ഫോസ്റ്റർകെയറിൽ ചെറിയ പ്രശ്നങ്ങളുള്ളതിനാൽ തിരിച്ച് വന്നത്."

ഷൈനി കെ.

ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ

ഫോസ്റ്റർകെയർ നടപടി ഇങ്ങനെ

ഫോസ്റ്റർകെയറിനായി അപേക്ഷ വിളിക്കും.

കുട്ടികളെ വളർത്താനുള്ള സാഹചര്യം രജിസ്റ്റർ ചെയ്യുന്നവർക്കുണ്ടോ അവർ യോഗ്യരാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും.

കൗൺസലിംഗിനുശേഷം കുട്ടികളെ ഫോസ്റ്റർകെയറിനായി വിടും.