
കൊയിലാണ്ടി: സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ ഭരണാനുമതിയായി. കോടതി വളപ്പിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയത് പണിയുന്നത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ട്രഷറിയുടെ പ്രവർത്തനം അരങ്ങാടത്തെ വാടക കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റിയിരുന്നു. ട്രഷറി ടൗണിൽ നിന്ന് പുറത്തായതും രണ്ടാം നിലയിലായതും പെൻഷൻകാർ ഉൾപ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
കൊയിലാണ്ടി നഗരത്തിലെ ടൗൺ പ്ലാനിംഗുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വമാണ് നിർമ്മാണം വൈകാൻ കാരണമായത്. സംസ്ഥാന സർക്കാരിന്റെ അക്രിഡിറ്റേഷൻ ഏജൻസിയായ എച്ച്.എൽ.എല്ലിനാണ് നിർമ്മാണച്ചുമതല. ടെൻഡർ നടപടികൾ ആരംഭിച്ചു. ഒരു മാസത്തിനകം പ്രവൃത്തി ആരംഭിക്കും. രണ്ടു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.
1947ലാണ് സബ് ട്രഷറി പ്രവർത്തനം തുടങ്ങിയത്. 3,000ലധികം പേരാണ് ഈ ട്രഷറിയെ ആശ്രയിക്കുന്നത്. പുതിയ കെട്ടിടം നിർമ്മിക്കാൻ കാലതാമസം വന്നതിനെ തുടർന്ന് കെ.എസ്.എസ്.പി.യു സമരപരിപാടികൾ തീരുമാനിച്ചിരുന്നു. വയനാട് ദുരന്തത്തെ തുടർന്നാണ് സമരപരിപാടികൾ മാറ്റിവച്ചതെന്ന് സംസ്ഥാന കൗൺസിൽ അംഗം പി.സുധാകരൻ പറഞ്ഞു. ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.