കോഴിക്കോട്: അപകടത്തിൽപെട്ട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് എക്സ്റേ എടുക്കണമെങ്കിൽ നട്ടം തിരിയണം. പുതുതായി പ്രവർത്തനമാരംഭിച്ച പി.എം.എസ്.എസ്.വെെ ബ്ലോക്ക് കാഷ്വാലിറ്റിയിലെ എക്സ്റേ കഴിഞ്ഞ ഒരാഴ്ചയായി പണിമുടക്കിലാണ്. പുതിയ കാഷ്വാലിറ്റി ആരംഭിച്ചത് മുതൽ എക്സ്റേ യൂണിറ്റ് പണി മുടക്കുന്നത് നിത്യസംഭവം. കേടുപാടുകൾ ശരിയാക്കി തിരിച്ചെത്തിച്ചാൽ വീണ്ടും പഴയ പടി. പരാതികൾ കുന്നുകൂടിയിട്ടും പ്രശ്ന പരിഹാരത്തിന് അധികൃതർ തയ്യാറാവാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നിലവിൽ എക്സ്റേ യൂണിറ്രിന്റെ ഇമേജ് റീഡർ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. കേടായ ഉപകരണത്തിന് പകരം പുതിയത് മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് എത്തേണ്ടതിനാൽ ദിവസങ്ങൾ പിടിക്കും. ഇതോടെ ആശുപത്രിയിലെത്തുന്ന നിർദ്ധനരായ രോഗികൾക്ക് അധിക തുക നൽകി പുറത്ത് സ്വകാര്യ ലാബിൽ എക്സ്റേ എടുക്കേണ്ട സ്ഥിതിയാണ്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് എക്സ്റേ പണി മുടക്കുന്നതെന്നാണ് അധികൃതർനൽകുന്ന വിശദീകരണം. എന്നാൽ മോശമായ എക്സ്റേ യൂണിറ്റ് സ്ഥാപിച്ചത്കൊണ്ടാണ് ഇടയ്ക്കിടെ പണി മുടക്കുന്നതെന്നാണ് രോഗികൾ പറയുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണ കരാർ എടുത്ത എച്ച്.എൽ.എല്ലിന്റെ ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്ന 'ഹൈക്ക് ' ആണ് എക്സ്റേ മെഷീൻ സ്ഥാപിച്ചത്. ഒരുദിവസം 700ലധികം എക്സ്റേ എടുക്കേണ്ടിവരുന്ന അത്യാഹിത വിഭാഗത്തിന് യോജിച്ചതല്ല ഇതെന്ന് മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും പുതിയ സംവിധാനം ഏർപ്പെടുത്താതെ അനാസ്ഥ തുടരുകയാണ്.
രോഗികൾക്ക് കഷ്ടകാലം
എക്സ്റേ പണിമുടക്കിയതോടെ രോഗികൾ രണ്ടാംനിലയിലെ ഒ.പി വിഭാഗം 10, 13 മുറിയിലെത്തിയാണ് എക്സ്റേ എടുക്കുന്നത്. ഒപിയിലേയും കാഷ്വാലിറ്റിയിലേയും ആളുകൾ എക്സ്റേയ്ക്കായി ഒ.പി. ബ്ലോക്കിൽ എത്തുന്നത് ഇവിടേയും തിരക്ക് വർദ്ധിപ്പിക്കുന്നുണ്ട്. 300 മീറ്റർ അകലെയുള്ള ബ്ലോക്കിൽ എക്സ്റേ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗുരുതര പരിക്കേറ്റ് എത്തുന്നവരെയും അത്യാസന്നനിലയിൽ എത്തുന്നവരെയും അവിടെയെത്തിച്ച് എക്സ്റേ എടുക്കുന്നത് പ്രയാസം സൃഷ്ടിക്കും. ഇത് ചികിത്സ വൈകാൻ ഇടയാക്കുകയും ചെയ്യും
എന്ന് വരും, പുതിയ യൂണിറ്റ്
പി.എം.എസ്.എസ്.വെെയിൽ ഒരുങ്ങുന്ന എക്സ്റേയുടെ രണ്ടാമത്തെ യൂണിറ്റ് തുറന്നുനൽകാത്തതും പ്രതിസന്ധി കൂട്ടുകയാണ്. അത്യാധുനിക മെഷീനുകളടക്കം സ്ഥാപിച്ച് പ്രവൃത്തി പൂർത്തീകരിച്ച യൂണിറ്റ് ടെക്നിക്കൽ അനുമതി ലഭിച്ചിട്ടില്ലെന്ന പേരും പറഞ്ഞ് പൂട്ടിയിട്ടിരിക്കുകയാണ്. ഡിജിറ്റൽ റേഡിയോഗ്രാഫിക് സംവിധാനവും കൂടുതൽ പ്രവർത്തനക്ഷമവുമായ മെഷീനാണ് രണ്ടാമത്തെ യൂണിറ്റിൽ സജ്ജമാക്കിയിട്ടുള്ളത്. ഇത് സ്ഥാപിക്കുന്നതോടെ എക്സ്റേ എടുക്കുന്നതിന് വേഗതയും കൂടുതൽ വ്യക്തതയും കെെവരും.സംവിധാനം നിലവിൽ വരുന്നതോടെ എക്സ്റേ എടുക്കാനായി ഒരു വിരലമർത്തിയാൽ മതി. ഒരുമിനിറ്റിനകം എക്സ്റേയുടെ കമ്പ്യൂട്ടർ ദൃശ്യം ലഭിക്കും. ഇത് ഇന്റർനെറ്റ് വഴി അയക്കാനും ചികിത്സിക്കുന്ന ഡോക്ടർമാർക്ക് ഉടൻ പരിശോധിക്കാനും സാധിക്കും. പഞ്ചാബ് ആസ്ഥാനമായ അലഞ്ചർസ് മെഡിക്കൽ സിസ്റ്റംസ് കമ്പനിയാണ് എക്സ്റേ മെഷീന്റെ നിർമാതാക്കൾ.