
രാമനാട്ടുകര: ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ഇനി വട്ടം ചുറ്റേണ്ട. ബസ് നിറുത്തുന്ന സ്ഥലത്തെ സൂചിപ്പിക്കുന്ന താത്കാലിക ബോർഡുകൾ പൊലീസ് ഇടപെട്ട് സ്ഥാപിച്ചു. കോഴിക്കോട് ഭാഗത്തേയ്ക്ക് ബസ് കാത്തു നിൽക്കുന്ന ഷെൽട്ടറിനു മുകളിലായാണ് ബോർഡ് സ്ഥാപിച്ചത്. സ്ഥലനാമ സൂചിക ബോർഡുകൾ ഇല്ലാത്തത് അന്യ സംസ്ഥാന തൊഴിലാളികൾ അടക്കമുള്ള യാത്രക്കാരെ വലയ്ക്കുന്ന വാർത്ത കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
കോഴിക്കോട്, കണ്ണൂർ, വടകര, താമരശ്ശേരി ഭാഗത്തേക്കും മലപ്പുറം, മഞ്ചേരി, പാലക്കാട്, പെരിന്തൽമണ്ണ, നിലമ്പൂർ ഭാഗത്തേക്കുമുള്ള ബസുകൾ നിറുത്തുന്ന സ്ഥലം മാർക്ക് ചെയ്താണ് ബോർഡ് വച്ചത്. ഇതിൽ തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളും എഴുതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റ് എസ്.ഐ എം.രാജശേഖരൻ ഇടപെട്ടാണ് ബോർഡ് സ്ഥാപിച്ചത്. രാമനാട്ടുകര ടാക്സി ഡ്രൈവേഴ്‌സിന്റെ സഹായത്തോടെ ഇന്നലെ രാവിലെയാണ് ബോർഡ് വച്ചത്. ടാക്സി ഡ്രൈവർമാരായ സി.ജലീൽ, സി.ബാവ എന്നിവരും പങ്കെടുത്തു.