കോഴിക്കോട്: മകന്റെ ശസ്ത്രക്രിയയ്ക്കായി മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയ യുവതിയെ പൂച്ച കടിച്ചു. കുന്ദമംഗലം മുത്തപ്പൻ തറമ്മൽ ആദിത്യ കൃഷ്ണയെയാണ് (26) പൂച്ച കടിച്ചത്. രണ്ടര വയസുകാരൻ മകന്റെ ഹെർണിയ ശസ്ത്രക്രിയയ്ക്കായി വ്യാഴാഴ്ചയാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ഇന്നലെ രാവിലെ ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയെ 34-ാം വാർഡിലേക്ക് മാറ്റി. വൈകിട്ട് വാർഡിൽ വച്ചാണ് പൂച്ച കടിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും വേണ്ട നടപടി എടുത്തില്ലെന്നും ചികിത്സ വൈകിപ്പിച്ചെന്നും ഭർത്താവ് വിജീഷ് ആരോപിച്ചു. പാല് കുടിക്കുന്ന കുട്ടിയാണ് ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്നതെന്ന് പറഞ്ഞിട്ടും ഇഞ്ചക്ഷൻ നൽകാതെ മണിക്കൂറുകൾ കാത്തിരിപ്പിച്ചെന്നും മെഡിക്കൽ കോളേജ് പൊലീസിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ സർജറി വാർഡുകളിൽ അടക്കം പൂച്ച ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും വിജീഷ് പറഞ്ഞു.