
കോഴിക്കോട്: തദ്ദേശ അദാലത്തുകളിലെ ഉത്തരവുകളും തീരുമാനങ്ങളും സാങ്കേതികകാരണം പറഞ്ഞ് നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കോഴിക്കോട് കോർപ്പറേഷൻതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാധാരണക്കാർക്ക് വേഗത്തിലും കാര്യക്ഷമമായും സേവനം ലഭ്യമാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യം. അദാലത്ത് തീരുമാനങ്ങളിലെ നടപടികളുടെ പുരോഗതി വിലയിരുത്തിയപ്പോഴാണ് ഉദ്യോഗസ്ഥവീഴ്ച ബോദ്ധ്യപ്പെട്ടത്. അദാലത്ത് ഉത്തരവുകൾ നടപ്പിലാക്കാത്ത സമീപനം അംഗീകരിക്കാനാവില്ല. തദ്ദേശ സ്ഥാപനങ്ങളിലെ സേവനം ഓൺലൈനാക്കിയ കെ-സ്മാർട്ട് സംവിധാനം ഫയൽ നീക്കത്തിന്റെ വേഗവും കാര്യക്ഷമതയും വർദ്ധിപ്പിച്ചതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരുലക്ഷം രൂപയുടെ ചെക്ക് കോഴിക്കോട് കോർപ്പറേഷൻ ഹരിതകർമ്മസേനാംഗങ്ങൾ മന്ത്രിക്ക് കൈമാറി.
മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
1000 കെ-സ്റ്റോറുകൾ
സജ്ജമായി: മന്ത്രി അനിൽ
മലപ്പുറം: ഈ ഓണക്കാലത്തോടെ 1000 കെ-സ്റ്റോറുകൾ സംസ്ഥാനത്ത് സജ്ജമായെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. കേരളകൗമുദിയുടെ നേതൃത്വത്തിൽ മലപ്പുറം ഗവ.കോളേജിൽ നടത്തിയ ഭക്ഷ്യ ഭദ്രത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റേഷൻ കടകളെ ആധുനികവത്കരിച്ചും പശ്ചാത്തല സൗകര്യം വിപുലീകരിച്ചും ഘട്ടംഘട്ടമായി കെ-സ്റ്റോറുകളെ ഉയർത്തുന്ന നടപടി പുരോഗമിക്കുകയാണ്. മിനി ബാങ്കിംഗ്, യൂട്ടിലിറ്റി പേയ്മെന്റ്, ചോട്ടുഗ്യാസ്, മിൽമ, സപ്ലൈകോ, എം.എസ്.എം.ഇ ഉത്പന്നങ്ങളുടെ വിപണനം എന്നിവയെല്ലാം കെ-സ്റ്റോറുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തൊട്ടാകെ ഉണ്ടായ വലിയതോതിലുള്ള വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത കാലത്ത് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വിലകൾ പരിഷ്കരിച്ചെങ്കിലും ശരാശരി 35 ശതമാനം സബ്സിഡിയിലാണ് അവശ്യ സാധനങ്ങൾ ഇന്നും ലഭ്യമാക്കുന്നത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു വിപണി ഇടപെടൽ ശൃംഖല നിലവിലില്ലെന്നത് നാം കാണേണ്ട യാഥാർത്ഥ്യമാണെന്നും മന്ത്രി പറഞ്ഞു.
ഇടവേള ബാബുവിന്റെ
ഫ്ലാറ്റിൽ പരിശോധന
കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ ഇടവേള ബാബുവിന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ചില രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. ഫ്ളാറ്റിന്റെ താക്കോൽ ഇടവേള ബാബു നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കാനായി ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. ഇടവേള ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
പെരുമാറ്റച്ചട്ടവുമായി ഡബ്ല്യു.സി.സി
കൊച്ചി: മലയാള സിനിമയിൽ തുല്യവും സുരക്ഷിതവുമായ തൊഴിലിടമൊരുക്കാൻ പെരുമാറ്റച്ചട്ടവുമായി വിമൻ ഇൻ സിനിമ കളക്ടീവ്. ഹേമ കമ്മിറ്റി നിർദ്ദേശങ്ങളെ പിൻപറ്റി വെള്ളിത്തിരയ്ക്കുളളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ഡബ്ല്യു.സി.സി ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇൻഡസ്ട്രിയിലെ എല്ലാ തൊഴിൽ സംഘടനകളും ഐക്യദാർഢ്യത്തോടെ പങ്കുചേരണമെന്നും പറഞ്ഞു.