
കോഴിക്കോട്: സങ്കടക്കൂമ്പാരവുമായാണ് ബാബു കോർപ്പറേഷൻ തല തദ്ദേശ അദാലത്ത് നടക്കുന്ന ജൂബിലി ഹാളിലെത്തിയത്. മന്ത്രി എം.ബി.രാജേഷിനോട് ദുഃഖം പറയുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് 2.35 ലക്ഷത്തിന്റെ ബാദ്ധ്യത ഒഴിവായതോടെ മനസ് നിറഞ്ഞു.
തിരിച്ചടക്കാനാകാത്ത ഭവന വായ്പയുടെ പലിശയും കൂട്ടുപലിശയും ഒഴിവാക്കിയാണ് ചെലവൂർ മുണ്ടയ്ക്കൽ താഴത്തെ പി.ബാബുവിന് അദാലത്ത് കരുതലായത്. 28 വർഷമായുള്ള ബാദ്ധ്യതയായിരുന്നു. ബാബുവിന്റെ പരാതിയിലൂടെ 28 പേർക്ക് കൂടി ആശ്വാസമായി.
വീട് നിർമ്മാണത്തിന് 1996ലാണ് കോഴിക്കോട് വികസന അതോറിട്ടിയിൽ നിന്ന് ബാബു 50,000 രൂപ വായ്പയെടുത്തത്. 46,549 രൂപ തിരിച്ചടച്ചു. അതിനിടെ ഭാര്യ രോഗിയായി. ഹൃദയ സംബന്ധമായ അസുഖത്താൽ ബാബുവിന് ജോലിക്ക് പോകാനായില്ല. മൂന്ന് പെൺമക്കളുടെ വിവാഹവും വിദ്യാഭ്യാസവും സംബന്ധിച്ച ചെലവുകളും കൂടിയായപ്പോൾ വായ്പാ തിരിച്ചടവ് മുടങ്ങി. പലിശയും പിഴപ്പലിശയും സഹിതം 2,36,003 രൂപ തിരിച്ചടക്കേണ്ടി വന്നു. ഇതിനൊരു പരിഹാരം തേടിയാണ് അദാലത്തിലെത്തിയത്.
മുതലിനത്തിലെ ബാക്കി തുക മാത്രം ഈടാക്കിയും പലിശ- പിഴപ്പലിശ എന്നീ ഇനങ്ങളിലുള്ള കുടിശ്ശിക ഒഴിവാക്കാനും നഗരസഭയ്ക്ക് മന്ത്രി നിർദ്ദേശം നൽകി. കോഴിക്കോട് വികസന അതോറിട്ടി വർഷങ്ങൾക്ക് മുൻപേ പിരിച്ചുവിട്ടതാണ്. സമാനമായ കാലത്ത് വികസന അതോറിട്ടിയിൽ നിന്ന് ലോണെടുത്ത മറ്റ് 28 പേർക്കും ഈ ആനുകൂല്യം ലഭ്യമാക്കാനും മന്ത്രി നഗരസഭയോട് നിർദ്ദേശിച്ചു.