
കോഴിക്കോട്: ഒമ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോർപ്പറേഷനിൽ നിന്ന് ഭൂമി ലഭിക്കാനുള്ള ഉത്തരവ് ലഭിച്ചപ്പോൾ സുലൈഖയുടെ കണ്ണുനിറഞ്ഞു. നീതിക്കായി അലയുന്ന സുലൈഖയുടെ പരാതി മന്ത്രി എം.ബി.രാജേഷ് രാവിലെ തീർപ്പാക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി ലഭിക്കാൻ ആവശ്യമായ രേഖയും ഉത്തരവും ഉച്ചയ്ക്ക് കൈമാറുകയും ചെയ്തു.
പുനരധിവാസത്തിനായി കോർപ്പറേഷൻ നൽകിയ ഭൂമി രജിസ്റ്റർ ചെയ്തു കിട്ടണമെന്ന ആവശ്യവുമായാണ് പന്നിയങ്കര പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ സുലൈഖ തദ്ദേശ അദാലത്തിലെത്തിയത്. ഗുണഭോക്താവായ ഭർത്താവ് ഭൂമി രജിസ്ട്രേഷന് മുൻപ് മരിച്ചു. തുടർന്ന് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ സുലൈഖയ്ക്ക് ഭൂമി ലഭ്യമാക്കിയില്ല. ഗുണഭോക്താവായ കോയമോന്റെ മരണ സർട്ടിഫിക്കറ്റും ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റും അപേക്ഷക ഹാജരാക്കിയതായി കോർപ്പറേഷൻ സെക്രട്ടറി അദാലത്തിൽ അറിയിച്ചു. ഭർത്താവിന്റെ പേരിൽ അനുവദിച്ച ഭൂമി, അവകാശിയായ അപേക്ഷകയുടെ പേരിൽ ഉടൻ രജിസ്റ്റർ ചെയ്ത് നൽകണമെന്നും ഇത് സംബന്ധിച്ച രേഖകൾ ഇന്നുതന്നെ കൈമാറണമെന്നും മന്ത്രി കോർപ്പറേഷന് നിർദ്ദേശം നൽകി. 9 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുലൈഖയ്ക്ക് സ്വന്തം ഭൂമി ലഭിക്കുന്നത്.