s

പേരാമ്പ്ര: കക്കയത്തെ കാർഷിക മേഖലകളിൽ കാട്ടുപോത്തുകൾ ഉൾപ്പെടെയുള്ള വന്യജീവികൾ വിഹരിക്കുന്നത് നാട്ടുകാരുടെ സ്വൈരജീവിതത്തിന് ഭീഷണിയാകുന്നു. ഡാം സൈറ്റ് റോഡിലെ ജനവാസ മേഖലയിൽ വീണ്ടും വന്യമൃഗങ്ങൾ താവളമാക്കുന്നതാണ് ഗ്രാമീണർക്ക് ആശങ്കയായിരിക്കുന്നത്.

ഏഴാം പാലത്തിനടുത്ത് സ്കറിയാ മണ്ണനാൽ, രാമചന്ദ്രൻ കുന്നുംപുറത്ത്, സജി കൊച്ചുപുരയ്ക്കൽ, ജോൺസൺ എന്നിവരുടെ വീടിന് സമീപത്തായി കഴിഞ്ഞ ദിവസം പുലർച്ചവരെ കാട്ടുപോത്തുകൾ നിലയുറപ്പിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കക്കയം പാലാട്ടിയിൽ അബ്രഹാം എന്നയാൾ കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ച സംഭവത്തിന് ശേഷം മലയോരം ഭീതിയിലാണ്.

വെള്ളവും ഭക്ഷണവും തേടിയാണ് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. എല്ലാ കാട്ടുപോത്തുകളും അപകടകാരികളല്ലെന്ന് പറയുന്നുണ്ടെങ്കിലും ആശങ്കയുടെ തുരുത്തിലാണ് ഗ്രാമീണർ. കഴിഞ്ഞ ദിവസം ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായി
കക്കയത്തെ ബോട്ടിംഗിനിടെ വിനോദസഞ്ചാരികൾ കടുവയെ കണ്ടതായി പറഞ്ഞിരുന്നു. ഏഴാം പാലത്തിനടുത്ത് വച്ച് കടുവ കാട്ടിലേക്ക് കയറുന്നതാണ് കണ്ടത്. ഇതും ഭീതിയുയർത്തിയിട്ടുണ്ട്.

നേരം ഇരുട്ടിയാൽ നാട്ടിലേക്ക്

മേഖലയിലെ സ്വകാര്യ ഭൂമിയിൽ കാടുനിറഞ്ഞ ഭാഗത്താണ് കാട്ടുജീവികൾ തമ്പടിക്കുന്നത്. ഇവിടെ നിന്നാണ് രാത്രിയോടെ ഇവ നാട്ടിലേക്ക് ഇറങ്ങുന്നത്. വേനൽക്കാലമാകുന്നതോടെ കാട്ടാന ശല്യവും രൂക്ഷമാകുമെന്നാണ് കർഷകർ പറയുന്നത്. കാട്ടുപോത്തുകൾ ഉൾപ്പെടെ കൃഷിയിടങ്ങിലും ജനവാസ കേന്ദ്രങ്ങളിലും എത്തുന്നത് തടയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.