
കൊയിലാണ്ടി: നഗരസഭയും സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡും കൊടക്കാട്ടുമുറിയിൽ ഒരുക്കിയിട്ടുള്ള സ്നേഹതീരം പാർക്ക് ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയാണ് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. നൂറോളം ഇനങ്ങളിലുള്ള സസ്യജാലങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ അന്യം നിന്നുപോയ വിഭാഗത്തിൽപ്പെട്ടവയും ഉൾപ്പെടുന്നു. ഒളവണ്ണ ബോട്ടാണിക്കൽ ഗാർഡനിൽ നിന്നാണ് ചെടികൾ എത്തിച്ചത്.
മഴ കനത്തപ്പോൾ സിമെന്റ് റിംഗിൽ മണ്ണ് നിറച്ചാണ് നട്ടത്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ചെടികൾ വച്ച് പിടിപ്പിച്ചതെന്ന് വാർഡ് കൗൺസിലറും പരിസ്ഥിതി പ്രവർത്തകനുമായ രമേശൻ വലിയാട്ടിൽ പറഞ്ഞു. വിവിധയിനം കണ്ടലുകൾ, മത്സ്യങ്ങൾ, പക്ഷികൾ എന്നിവയുടെ പരിപാലനവും സംരക്ഷണവും ഇവിടെയുണ്ട്. സന്ദർശകർക്ക് മനസിലാക്കാനായി അവയുടെ ക്യുആർ കോഡ് സഹിതമുള്ള നെയിംബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഉല്ലാസത്തിനും സൗകര്യം
ഊഞ്ഞാൽ, ഏറുമാടം, ഇരിപ്പിടം, ഫിഷിംഗ് എന്നിവയ്ക്കും സൗകര്യമുണ്ട്. ശലഭങ്ങളെ കാണാനായി ശലഭത്താരയും തയ്യാറാക്കിയിട്ടുണ്ട്. അകലാപ്പുഴയുടെ സൗന്ദര്യവും ഇവിടെ നിന്നാൽ ആസ്വദിക്കാനാകും. പുതു തലമുറയിലെ പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയാണ് പാർക്കിനെ പരിപാലിക്കുന്നത്. നഗരസഭയുടെ പൂർണ പിന്തുണയുണ്ടെന്നും സംഘാടകർ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിലേക്ക് നാട് ഒന്നിച്ചെത്തിയതായി കൗൺസിലർ രമേശൻ വലിയാട്ടിൽ പറഞ്ഞു.