s

കോഴിക്കോട്: സ്ത്രീകൾക്കും കുട്ടികൾക്കുമെക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ക്രൈം മാപ്പിംഗ് സർവേ ശക്തിപ്പെടുത്താൻ കുടുംബശ്രീ. സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2022 മുതലാണ് കുടുംബശ്രീ ക്രൈം മാപ്പിംഗ് സർവേ നടപ്പിലാക്കിയത്. ഗ്രാമങ്ങളിലെ തൊഴിലിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ഉദ്ദേശം.

ഒരു പ്രദേശത്തെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കി, അതിന്റെ തീവ്രതയനുസരിച്ച് പഞ്ചായത്ത് അധികൃതർ, പൊലീസ് എന്നീ സംവിധാനങ്ങളിൽ റിപ്പോർട്ട് ചെയ്യുകയാണ് ആദ്യഘട്ടം. തുടർ നടപടികളുണ്ടായില്ലെങ്കിൽ പരാതിയുമായി ഉന്നത തലങ്ങളിലേക്ക് പോകാൻ അനുമതിയുണ്ടെന്നും കുടുംബശ്രീ പ്രവർത്തകർ പറയുന്നു. കുടുംബശ്രീ പ്രവർത്തകരായിട്ടുള്ള റിസോഴ്‌സ് ടീമാണ് വിവരശേഖരണം നടത്തുന്നത്.

ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗം ക്രൈം മാപ്പിംഗ് നടത്തുന്നതിനായി 2022 മുതൽ 2024 വരെ മൂന്ന് ഘട്ടമായി 24 സി.ഡി.എസുകളെ തിരഞ്ഞെടുത്തിട്ടിട്ടുണ്ട്. മാവൂർ, എടച്ചേരി, പുതുപ്പാടി, ബാലുശ്ശേരി, ഒളവണ്ണ, ചേറോട്, മേപ്പയൂർ, ചേമഞ്ചേരി, നന്മണ്ട, ചെറുവണ്ണൂർ, കാവിലുംപാറ, തിരുവള്ളൂർ എന്നീ സി.ഡി.എസുകൾ ആദ്യഘട്ടത്തിലും കൊടുവള്ളി, കാക്കൂർ, കൂരാച്ചുണ്ട്, കക്കോടി, പേരാമ്പ്ര, മരുതോങ്കര എന്നിവ രണ്ടാംഘട്ടത്തിലും അഴിയൂർ, വാണിമേൽ, നരിപ്പറ്റ, തലക്കുളത്തൂർ, നൊച്ചാട്, ചാത്തമംഗലം എന്നിവ മൂന്നാംഘട്ടത്തിലും ക്രൈം മാപ്പിംഗിന്റെ ഭാഗമായിട്ടുള്ളത്.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൂഷണങ്ങൾ, അതിക്രമങ്ങൾ എന്നിവ കുറച്ച്, ജാഗ്രത പുലർത്താനും പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ ഇതര സാമൂഹിക പിന്തുണ സംവിധാനങ്ങളെ ഏകോപിപ്പിച്ച് ഫലപ്രദമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാനുമാകും.

ക്രൈം മാപ്പിംഗ്

ജില്ലയൊട്ടാകെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളുടെ വിവരശേഖരണം നടത്തി സൂക്ഷിക്കുന്ന പദ്ധതി. ഓരോ വാർഡ് തലത്തിലും നടത്തുന്ന വിവരശേഖരണത്തിലൂടെ അതിക്രമങ്ങളുടെ തോത് കണക്കാക്കാനാകും. അതിക്രമങ്ങളാൽ പ്രയാസപ്പെടുന്ന പ്രദേശങ്ങളെ/ വ്യക്തികളെ കണ്ടെത്തി, അക്രമ രഹിതമാക്കുന്നതിനായുള്ള ഇടപെടലുകൾ നടത്താൻ കുടുംബശ്രീ പ്രവർത്തകർക്ക് സാധിക്കും.

ലക്ഷ്യങ്ങൾ

1.പ്രാദേശികയിടങ്ങളിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ കണ്ടെത്തുക.

2.കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുക.

3.അതിക്രമങ്ങൾ നേരിടുന്നവരെ സഹായിക്കുക.

4.അയൽക്കൂട്ടം പോലുള്ള ഗ്രൂപ്പുകളിൽ നേരിടുന്ന അതിക്രമങ്ങൾ രഹസ്യസ്വഭാവം ഉറപ്പാക്കി രേഖപ്പെടുത്താൻ അവസരമൊരുക്കുക.

മുൻ വ‌ർഷങ്ങളിൽ (2022- 23) ലഭിച്ച ക്രൈം മാപ്പിംഗിന്റെ വിവരങ്ങൾ പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. ഇത്തവണത്തെ ക്രൈം മാപ്പിംഗിനുള്ള പരിശീലനം നടന്നു കൊണ്ടിരിക്കുകയാണ്. സർവേ ഉടൻ തുടങ്ങും.

-നിഷിദ സൈബൂനി,
ജില്ലാ പ്രോഗ്രാം മാനേജർ