
കോഴിക്കോട്: പൊലീസ് സേനാംഗങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കുന്ന പുഴുക്കുത്തുകൾക്കെതിരെ സർക്കാർ നടപടിയുണ്ടാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മാദ്ധ്യമങ്ങളോട് പറഞ്ഞു പുഴുക്കുത്തിന്റെ എണ്ണം കൂട്ടാനല്ല , കുറയ്ക്കാനാണ് ശ്രമം. പുഴുക്കുത്തുകൾ ആര് തുറന്ന് കാണിച്ചാലും പരിശോധിക്കും.
തെറ്റ് ചെയ്തവരോട് സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല. തെളിവ് കണ്ടെത്തിയാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും. തൃശൂർ പൂരത്തെക്കുറിച്ച് പറയുന്ന കോൺഗ്രസ് നേതാക്കൾ ബി.ജെ.പിക്ക് വോട്ട് മറിച്ചു. ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നവരാണ് കോൺഗ്രസ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.ജി.പിക്ക് ഗോവിന്ദന്റെയും
സുരേന്ദ്രന്റെയും പിന്തുണ: പ്രതാപൻ
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ഒരു പോലെ വാദിച്ച് പിന്തുണയ്ക്കുകയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ.
ഇരുവരും ഒരേ ഭാഷയിൽ സംസാരിക്കുന്നത് പാർട്ടികൾ തമ്മിലുള്ള അന്തർധാരയാണ് വ്യക്തമാക്കുന്നത്. തൃശൂർ ലോക്സഭാ മണ്ഡലം ബി.ജെ.പി എടുത്തതല്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മകളുടെയും സി.പി.എം നേതാക്കളുടെയും രക്ഷയ്ക്കായി ബി.ജെ.പിക്ക് നൽകിയതാണ്. കരുവന്നൂർ, എക്സാലോജിക്ക് കേസന്വേഷണം അട്ടിമറിച്ചതിനുള്ള പാരിതോഷികത്തിന്റെ ഉത്പന്നമാണ് സുരേഷ് ഗോപി. . തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ സീറ്റും പിണറായിക്ക് വേണ്ടി പ്രകാശ് ജാവ്ദേക്കർക്ക് വാഗ്ദാനം നൽകിയത് എൽ.ഡി.എഫ് കൺവീനറായിരുന്ന ഇ.പി.ജയരാജനാണ്. അതിന്റെ തുടർച്ചയാണ് എ.ഡി.ജി.പിയുടെ ആർ.എസ്.എസ് ജനറൽ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച്ച. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം ആസൂത്രണം ചെയ്തത് ഇതിന്റെ ഭാഗമായാണെന്നും പ്രതാപൻ ആരോപിച്ചു.
സി.പി.ഐ ധൈര്യം
കാട്ടണം:ഹസൻ
തിരുവനന്തപുരം: എ.ഡി.ജി.പിയെ സസ്പെൻഡ് ചെയ്ത് പൂരം കലക്കിയതിലുൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്ന് പറയാൻ സി.പി.ഐ ധൈര്യം കാട്ടണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. സി.പി.ഐയെ തൃശൂരിൽ ഇരയാക്കിയ എ.ഡി.ജി.പിയെയാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. ഇത്തരം അവഗണനയ്ക്കെതിരെ മുമ്പ് പ്രതികരിച്ച പാരമ്പര്യമാണ് സി.പി.ഐക്കുള്ളത്.
സി.പി.എം-ആർഎസ്എസ് ബന്ധത്തിന്റെ ഇരയാണ് സി.പി.ഐ. വിഷയത്തിൽ ദുർബലമായ പ്രതികരണമാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയത്.. ഇടുതുമുന്നണിയിലെ തിരുത്തൽ കക്ഷിയെന്ന് അവകാശപ്പെട്ട സിപി ഐ ഇപ്പോൾ കരച്ചിൽ കക്ഷിയായി അധ:പതിച്ചു.. പൂരം കലക്കിയതിലുള്ള അന്വേഷണ ചുമതല എ.ഡി.ജി.പി അജിത് കുമാറിന് നൽകിയത് കള്ളന്റെ കൈയ്യിൽ താക്കോൽ ഏൽപ്പിച്ചത് പോലെയാണെന്നും അന്വേഷണ റിപ്പോർട്ട് പുറം ലോകം കണ്ടിട്ടില്ലെന്നും
ഹസൻ പറഞ്ഞു.