
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരെന്ന മാമിയുടെ തിരോധാനത്തിൽ എ.ഡി.ജി.പി. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് നിലമ്പൂർ എം.എൽ.എ. പി.വി.അൻവർ ആരോപിച്ചു. കോഴിക്കോട് വെള്ളിമാട്കുന്നിൽ മാമിയുടെ വീട്ടിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാമിയുടെ തിരോധാനത്തിൽ എം.ആർ. അജിത് കുമാറിന്റെ കറുത്ത കൈകളാമെന്നതിന് തെളിവുകളുണ്ട്. അത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. അജിത്കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ നശിപ്പിക്കാനാണ്. സുജിത് ദാസിന്റെ ഗതി അയാൾക്കും വരും. ഇപ്പോൾ ഉദ്യോഗസ്ഥർ സത്യസന്ധമായി അന്വേഷണം നടത്തിയാൽ അദ്ദേഹം നൊട്ടോറിയസ് ക്രിമിനലാണെന്ന് കേരളം കണ്ടിരിക്കുമെന്നും അൻവർ പറഞ്ഞു.
സുജിത് ദാസും അജിത് കുമാറും ഒരച്ഛന്റെ രണ്ടുമക്കളാണ്. അജിത് കുമാർ ഏട്ടനാണ്. കള്ളനൊപ്പം കക്കുകയും പിന്നെ ഛർദിക്കുകയും ചെയ്ത ടീമുകളാണ്. മാമിയെ കാണാതായിട്ട് ഒരു കൊല്ലത്തോളമായി. ഒരു സൂചനയുമില്ല. കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോഴും സംശയിക്കുന്നതായി അൻവർ പറഞ്ഞു.
രാഷ്ട്രീയ വിഷയങ്ങളിൽ ഇനി അഭിപ്രായം പറയില്ലെന്നും താൻ ഉന്നയിച്ച കേസുകളിൽ അന്വേഷണ ഏജൻസിയെ സഹായിക്കുന്ന തെളിവുകൾ നൽകുന്നവരുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനം മാത്രമേ വരുംദിവസങ്ങളിൽ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും വ്യക്തമാക്കി.
മാമിയുടെ തിരോധാനം:
കുടുംബത്തിന് ഒപ്പം
പോരാടാൻ അൻവർ
കോഴിക്കോട്: കോഴിക്കോട് റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാന കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ പശ്ചാത്തലത്തിലാണ്പി.വി അൻവർ എം.എൽ.എ ഇന്നലെ കുടുംബത്തെ സന്ദർശിച്ച് പിന്തുണ അറിയിച്ചത്. എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ പി.വി അൻവർ എം.എൽ.എ ആരോപണം ഉന്നയിച്ചതോടെയാണ് ഇഴഞ്ഞുനീങ്ങിയ അന്വേഷണം ക്രൈംബ്രാഞ്ചിന് കെെമാറിയത്. ഇന്നലെ രാവിലെ 11 മണിയോടെ വെള്ളിമാട്കുന്നിലെ മാമിയുടെ വീട്ടിലെത്തിയ അൻവർ അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും കൂടെയുണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി.
കുടുംബം പുതിയ പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. കുടുംബത്തിന്റെ പരാതികൾ തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണ് മൂത്ത മകൾ അദീബ നെെന പുതിയ പരാതി കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ. ജി പി. പ്രകാശിന് സമർപ്പിക്കുന്നതെന്ന് അൻവർ പറഞ്ഞു. അന്വേഷണത്തിൽ
പൊലീസ് വരുത്തിയ വീഴ്ചകളും ചൂണ്ടിക്കാട്ടും.
തന്റെ തോന്നലുകളും കിട്ടിയ തെളിവുകളും സൂചനാത്തെളിവുകളും മുദ്രവച്ച കവറിൽ ക്രൈംബ്രാഞ്ച് ഐ.ജിക്കും പ്രത്യേക അന്വേഷണസംഘത്തിന്റെ തലവൻ എന്ന നിലയിൽ ഡി.ജി.പിക്കും കൈമാറും.
തത്കാലം സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തിൽ മുന്നോട്ടില്ലെന്ന് ഹൈക്കോടതിയിൽ പറയണം. സി.ബി.ഐയെ തള്ളിപ്പറയുകയല്ല. അജിത് കുമാറിനും സംഘത്തിനും സി.ബി.ഐ. അടക്കമുള്ള മേഖലകളിൽ വ്യക്തിപരമായ ബന്ധമുണ്ടെന്ന് അൻവർ കൂട്ടിച്ചേർത്തു. മാമിയുടെ ഭാര്യ റുക്സാന, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവരുമായി ദീർഘനേരം ആശയവിനിമയം നടത്തി. 2023 ആഗസ്റ്റ് 22 നാണ് അരയിടത്തു പാലത്തെ ഓഫീസിൽ നിന്നിറങ്ങിയ മാമിയെ കാണാതായത്.