വടകര: സംസ്ഥാന സർക്കാർ ലോട്ടറിയുടെ മറപിടിച്ച് നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും എഴുത്ത് ലോട്ടറിയിലൂടെ ഒഴുകുന്നത് ആയിരങ്ങൾ. സംസ്ഥാന ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് ചെലവെങ്കിൽ എഴുത്ത് ലോട്ടറിക്ക് വെറും 10 രൂപ മതി. സർക്കാർ ഭാഗ്യക്കുറിക്ക് സമ്മാനം കുറവാണെെന്ന പരാതിക്കിടെ എഴുത്ത് ലോട്ടറിയിലെ ഭാഗ്യപരീക്ഷണം കൂടി ആവുന്നത് ടിക്കറ്റ് വില്പനയെ സാരമായി ബാധിക്കുന്നുണ്ട്. എഴുത്തുകളി യഥേഷ്ടം നടക്കുന്നതായി ഏജന്റുമാർ പറയുന്നു.

ലോട്ടറിയുടെ ഒന്നാം സമ്മാന നമ്പരിന്റെ അവസാനത്തെ മൂന്നക്കം ഒത്തുവന്നാൽ 5,000 രൂപയാണ് സമ്മാനം. രണ്ടാം സമ്മാന നമ്പരിന്റെ മൂന്നക്കത്തിന് ആയിരവും മൂന്നാം സമ്മാനമായി അഞ്ഞൂറു രൂപയും നാലാം സമ്മാനമായി 20 രൂപ ഗ്യാരന്റിയും എന്ന ക്രമത്തിലാണ് സമ്മാന ഘടന. ഒരു സർക്കാർ ലോട്ടറി ടിക്കറ്റിന്റെ പൈസയ്ക്ക് നാല് നമ്പരുകൾ പരീക്ഷിക്കാമെന്നതും എത്ര സംഖ്യയും എഴുതിക്കാനാവുമെന്നതുമാണ് കളിക്കാരെ ആകർഷിക്കുന്നത്. വലിയ സംഖ്യ സമ്മാനം നേടുന്നവരിൽ നിന്ന് 100 രൂപ മാത്രമാണ് കമ്മിഷൻ ഈടാക്കുന്നത്.

ലക്ഷങ്ങൾ മറിയുന്ന ഇടപാടിൽ സർക്കാരിലേക്ക് ജി.എസ്.ടിയോ മറ്റ് നികുതികളോ എത്തുന്നില്ല. ലോട്ടറി ടിക്കറ്റ് കൊണ്ട് ജീവിതം തള്ളുന്ന നൂറുക്കണക്കിന് വില്പനക്കാരുടെ വയറ്റത്തടിക്കുന്നതുമാണ് എഴുത്തുകളി.

അതീവ രഹസ്യം

വളരെ രഹസ്യമായാണ് എഴുത്ത് ലോട്ടറി പ്രവർത്തനം. ആളെ നേരിൽ കാണാതെ വിപുലമായ ശൃംഗല തീർത്താണ് പ്രവർത്തനം. ഇതിനായി പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഏജന്റുമാരുണ്ട്. നേരിട്ട് എഴുത്ത് കുത്ത് നടത്തില്ല. നമ്പർ അറിയിക്കലും പണം കൈമാറ്റവുമെല്ലാം ഫോൺ മുഖേന.

മറ്റ് മേഖലകളിലും സജീവം

ഇതര സംസ്ഥാനങ്ങളിലെയും ഓൺലൈൻ ലോട്ടറികളുടെയും നമ്പരുകളിലും എഴുത്തുകളി സജീവമാണെന്ന് പറയുന്നു. ഇത് സർക്കാർ ലോട്ടറി ടിക്കറ്റുകളുടെ വില്പനയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ടിക്കറ്റ് വില്പനക്കാർ പറയുന്നു.