
കോഴിക്കോട്: ഓണക്കാലത്തെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, കൃത്രിമ വിലക്കയറ്റം എന്നിവ തടയാൻ പരിശോധന കർശനമാക്കി അധികൃതർ. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പൊതുവിതരണം, ലീഗൽ മെട്രോളജി, റവന്യു, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ സ്‌ക്വാഡാണ് ജില്ലയിലെ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്. നിയമലംഘനം കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
പിഴയീടാക്കിയത് 33,000 രൂപ
താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് 33,000 രൂപ പിഴയീടാക്കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങൾക്കും മറ്റു ക്രമക്കേടുകൾ കണ്ടെത്തിയ 38 സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. പൂനൂർ, താമരശ്ശേരി, ഓമശ്ശേരി ഭാഗങ്ങളിലെ പഴം, പച്ചക്കറി, പലചരക്ക് കടകൾ, ബേക്കറികൾ, ടീസ്റ്റാളുകൾ, ഹോട്ടലുകൾ, ചിക്കൻ, ബീഫ് സ്റ്റാളുകൾ തുടങ്ങിയ കച്ചവട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പഞ്ചായത്ത് ലൈസൻസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസൻസ് എന്നിവ പരിശോധന സമയത്ത് ഹാജരാക്കാത്തവർക്കും വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തവർക്കുമാണ് നോട്ടീസ് നൽകിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
ഇവയ്ക്ക് കർശന നടപടി
1. വിലവിവര പട്ടിക പൊതുജനങ്ങൾ കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കാതിരിക്കുക.
2. പർച്ചേസ് ബില്ലോ ഇൻവോയ്‌സോ ഇല്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുക
3. സാധനങ്ങൾ വാങ്ങിയ വിലയിലും വില്പനവിലയിലും ക്രമാതീതമായ വ്യത്യാസം വരുത്തുക.
4. അളവ് തൂക്ക ഉപകരണങ്ങളിൽ മുദ്ര പതിപ്പിക്കാതിരിക്കുക.
5. ഒരേ സാധനത്തിന് പല കടകളിൽ വ്യത്യസ്ത വില ഈടാക്കുക.