
കുറ്റ്യാടി: കുറ്റ്യാടി- നാദാപുരം സംസ്ഥാന പാതയിലെ കക്കട്ട് അജന്ത ടാക്കീസ് പരിസരത്തെ നടപ്പാതയുടെ ഒരു ഭാഗം കാടുമൂടി കിടക്കുന്നു. നടപ്പാതയുടെ ഇടതു വശത്തെ പാതയോരത്ത് ചെളിയും മഴവെള്ളവും കെട്ടിക്കിടന്ന് കാട്ടുപുല്ലുകൾ വളർന്നിരിക്കുകയാണ്. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും പറ്റാത്ത അവസ്ഥയാണ്. നടപ്പാതയിലൂടെ സഞ്ചരിക്കാനാകാത്തതിനാൽ കാൽനടയാത്രക്കാർ റോഡിലൂടെ നടക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
ആശുപത്രികൾ, വില്ലേജ് ഓഫീസ്, വിദ്യാലയം, കച്ചവട സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നതിനാൽ ഈ ഭാഗത്ത് ദിവസവും നിരവധിപ്പേരാണ് എത്തുന്നത്. സംസ്ഥാന പാതയായതിനാൽ മംഗളൂരു, കണ്ണൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന കണ്ടെയ്നർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ വഴിയാണ് കടന്നുപോകുന്നത്. അമിത വേഗതയിൽ കടന്നുപോകുന്ന വാഹനങ്ങളെ ഏറെ ഭയത്തോടെയാണ് സമീപവാസികൾ കാണുന്നത്. അപകടങ്ങളും പതിവാകുകയാണ്. കഴിഞ്ഞ ദിവസം മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.