കോഴിക്കോട്: തെറ്റ് ചെയ്തവരിൽ വ്യക്തിപരമായി അടുപ്പമുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നും തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. നാലാമത് എൻ.രാജേഷ് സ്മാരക പുരസ്‌കാരം മലയാള സിനിമാരംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവിന് (ഡബ്ലിയു.സി.സി) നൽകുകയായിരുന്നു അദ്ദേഹം.
ഡബ്ലിയു.സി.സിയെ പിന്തുണയ്ക്കുന്നതിനെ രാഷ്ട്രീയമായി കാണരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാത്തത് ക്രൂരതയാണ്. പൂണമായും വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ അതിലും പുരുഷന്മാരെ തിരുകിക്കയറ്റിയെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിക്കല്ല, സംഘടനയുടെ കൂട്ടായ നിലപാടിനാണ് പുരസ്കാരം നൽകുന്നതെന്ന് വ്യക്തമാക്കിയതിനാലാണ് ഡബ്ലിയു.സി.സി പുരസ്കാരം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ദീദി ദാമോരൻ പറഞ്ഞു.
ചൈതന്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 'ദ ജേർണലിസ്റ്റ്" ജേർണൽ പ്രകാശനവും വി.ഡി.സതീശൻ നിർവഹിച്ചു. സാംസ്കാരിക പ്രവർത്തകൻ കെ.ഇ.എൻ ഏറ്റുവാങ്ങി. ടി.നിഷാദ് (പ്രസാധകൻ, എം.ജെ.യു ജേർണൽ) ജേർണൽ പരിചയപ്പെടുത്തി. മാദ്ധ്യമ പ്രവർത്തക സോഫിയ ബിംഗ് രാജേഷ് അനുസ്മരണ പ്രഭാഷണവും ന്യൂസ് മിനിട്ട്സ് എഡിറ്റർ ഇൻചീഫ് ധന്യ രാജേന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി. ഒ.അബ്ദുറഹ്മാൻ, രാജേന്ദ്രൻ വെള്ളപ്പാലത്ത്, കെ.പി.റെജി, അബ്ദുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. എം.ഫിറോസ് ഖാൻ അദ്ധ്യക്ഷ വഹിച്ചു. സുൽഹഫ് സ്വാഗതവും എ.ബിജുനാഥ് നന്ദിയും പറഞ്ഞു.