
കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മാമിയുടെ തിരോധാനക്കേസിൽ ക്രെെംബ്രാഞ്ച് മകൾ അദീബയുടെ മൊഴിയെടുത്തു. വരും ദിവസങ്ങളിൽ മറ്റു ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും. പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് കൈമാറുന്നതിനനുസരിച്ച് കാര്യങ്ങൾ പരിശോധിച്ച് തീരുമാനിക്കുമെന്ന് കോഴിക്കോട് റേഞ്ച് ഐ.ജി പി.പ്രകാശ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തിരോധാനക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
കേസന്വേഷിച്ചിരുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്റെ റിപ്പോർട്ടിൽ തട്ടിക്കൊണ്ടു പോയതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വിവരങ്ങളുണ്ട്. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഫോണുകളും മറ്റും തിരുവനന്തപുരം ഫോറൻസിക് ലബോറട്ടറിയിലാണുള്ളത്. ഇവയും ക്രൈംബ്രാഞ്ചിന് കൈമാറും. അതേസമയം വിഷയത്തിൽ അടുത്തദിവസം കുടുംബം പുതിയ പരാതി നൽകും.