d

മാവൂർ: സംസ്ഥാനത്തെ ഒരു പഞ്ചായത്തിലും ഉണ്ടാകാത്ത ഭരണ മാറ്റമാണ് മാവൂർ പഞ്ചായത്ത് ഭരണസമിതിയിൽ നടക്കാൻ പോകുന്നത്. 2020ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ആർ.എം.പിയും ചേർന്ന മുന്നണിയാണ് മാവൂരിൽ 10 സീറ്റ് നേടി ഭരണത്തിലെത്തിയത്. മുന്നണി ധാരണപ്രകാരം ആദ്യത്തെ ഒന്നര വർഷം മുസ്ളിം ലീഗും ഒരുവർഷം ആർ.എം.പിയും ശേഷിക്കുന്ന രണ്ടര വർഷം കോൺഗ്രസുമാണ് പ്രസിഡന്റ് സ്ഥാനം വഹിക്കേണ്ടത്. അതുപ്രകാരമാണ് മൂന്നാമത്തെ പ്രസിഡന്റായി കെ.സി.വാസന്തി വിജയൻ അധികാരമേറ്റത്.

എന്നാൽ കോൺഗ്രസ് അംഗമായ മറ്റൊരു വാർഡ് മെമ്പർ പാർട്ടി നേതൃത്വവുമായുള്ള സ്വാധീനം ഉപയോഗിച്ച് ഒരു വർഷം തനിക്ക് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. വാസന്തി വിജയൻ സ്ഥാനമൊഴിയാൻ തയ്യാറാകാതെ വന്നത്തോടെ പ്രസിഡന്റിനെതിരെ കോൺഗ്രസ് നേതൃത്വം അവിശ്വാസം കൊണ്ടുവരാൻ തീരുമാനിച്ചു. മുന്നണി കക്ഷികളെ ചേർത്ത് പത്രസമ്മേളനവും നടത്തി. എന്നാൽ അഴിമതിയോ മറ്റ് കാരണങ്ങളോ ഇല്ലാതെ വാസന്തി വിജയൻ അവർ രാജിവയ്ക്കേണ്ട എന്ന അഭിപ്രായം മുന്നണിയിലെ സാധാരണ പ്രവർത്തകർക്കിടയിൽ ശക്തമായി. ഇതോടെ കോൺഗ്രസിനകത്തെ ചേരിപ്പോര് രൂക്ഷമായി.

ലീഗ് പ്രവത്തകരുടെ സമ്മർദ്ദം കാരണം ലീഗ് ജില്ലാ നേതൃത്വവും പ്രദേശികനേതൃത്വവും വാസന്തി വിജയനുമായി നടത്തിയ സൗഹാർദ്ദ ചർച്ചയിൽ ആഗസ്റ്റ് 15വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ തീരുമാനമായി. ആഗസ്റ്റ് 16ന് അവർ രാജിവച്ചു. ഇലക്ഷൻ കമ്മിഷന്റെ തീരുമാനപ്രകാരം നാലാമത്തെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ വളപ്പിൽ റസാക്കും എൽ.ഡി.എഫിലെ എൻ.പി.മോഹൻദാസും തമ്മിലാകും മാത്സരമെന്നാണ് സൂചന.

14 വർഷമായി പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നില്ലെന്നും​ അധികാര കസേരകളി മാത്രമാണ് നടക്കുന്നതെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം സി.പി.എം പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തിയിരുന്നു.

വലയുന്നത് ജനം

മാറിമാറി വരുന്ന പ്രസിഡന്റ് മാറ്റവും പ്രസിഡന്റിന്റെ അസാന്നിദ്ധ്യവും സാധാരണക്കാരെയാണ് വലയ്ക്കുന്നത്. ഭരണസമിതി എടുക്കുന്ന പല തീരുമാനങ്ങൾക്കും കാലതാമസം നേരിടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എം.എൽ.എയും സർക്കാർ തലത്തിൽ വിവിധ വകുപ്പുകളും വിളിച്ച യോഗങ്ങളിൽ മാവൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ അസാന്നിദ്ധ്യം വ്യക്തമായിരുന്നു. പ്രദേശത്തെ കാട്ടുപന്നി ശല്യവും കത്താത്ത തെരുവു വിളക്കുകളും മാലിന്യ സംസ്കരണവും തുടങ്ങി നിരവധി വിഷയങ്ങൾ ഭരണസ്തഭനം മൂലം പരിഹാരമില്ലാതെ തുടരുകയാണ്.