കോഴിക്കോട്: ഓണം നിറമുള്ളതാക്കാൻ ജില്ലയിലെങ്ങും ഓണച്ചന്തകൾ ഒരുങ്ങി. സപ്ളൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ് എന്നീ സ്ഥാപനങ്ങളെല്ലാം വലിയ വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങൾ സ്റ്റാളുകളിലൂടെ നൽകുന്നത്. ചന്തകളിൽ ഉപ്പുതൊട്ട് കർപ്പൂരം വരെ ലഭ്യമാണ്. വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളുമായി കുടുംബശ്രീ ഓണച്ചന്തകളും ഇന്നലെ ആരംഭിച്ചു. മുതലക്കുളം മൈതാനിയിൽ കോർപ്പറേഷൻ ഓണച്ചന്തയും ബീച്ചിൽ ജില്ലാതല ഓണചന്തകൾക്കും തുടക്കമായി. പച്ചക്കറി മുതൽ പൂക്കൾവരെ കുടുംബശ്രീ ഓണച്ചന്തകളിലുണ്ട്. വറുത്ത ഉപ്പേരിയും ശർക്കരവരട്ടിയും വസ്ത്രങ്ങളും കരകൗശല ഉത്പ്പന്നങ്ങളും പല ബ്രാൻഡുകളിൽ ലഭ്യമാണ്. ഫ്രഷ് ബൈറ്റ്സ് ചിപ്സ്, ശർക്കര വരട്ടി തുടങ്ങിയ കുടുംബശ്രീ ബ്രാൻഡുകൾ എടുത്തുപറയേണ്ടതാണ്. പ്രാദേശിക കർഷകർ കൃഷിചെയ്ത ചെണ്ടുമല്ലി, ജമന്തി, മുല്ല തുടങ്ങി വിവിധയിനം പൂക്കളും മേളയിലുണ്ട്. കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന തദ്ദേശീയ ഉത്പ്പന്നങ്ങളും മേളയയുടെ ആകർഷണമാണ്. ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് കുടുംബശ്രീ ഓണച്ചന്തകളുടെ ലക്ഷ്യം. ഒരു അയൽക്കൂട്ടത്തിൽ നിന്ന് കുറഞ്ഞത് ഒരുത്പ്പന്നമെങ്കിലും മേളയിലുണ്ട്. ധാന്യപ്പൊടി, ഭക്ഷ്യോത്പ്പന്നങ്ങൾ, മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയും മേളയിൽ ലഭിക്കും. മേള സംഘടിപ്പിക്കാൻ ജില്ലയ്ക്ക് രണ്ട് ലക്ഷം രൂപയും ഗ്രാമ, നഗര സി.ഡി.എസുകൾക്ക് 10,000 രൂപ വീതവുമാണ് സർക്കാർ നൽകിയിട്ടുള്ളത്. രണ്ട് ഓണം മേളകൾ സംഘടിപ്പിക്കുന്ന സി.ഡി.എസുകൾക്ക് 20,000 രൂപയാണ് നൽകിയിരിക്കുന്നത്.
ഓണം പൊടിപൊടിക്കാൻ
സപ്ലൈകോയും കൺസ്യൂമർ ഫെഡും
കൃത്രിമ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനും സപ്ലൈകോയും കൺസ്യൂമർ ഫെഡും ആരംഭിച്ച ഓണച്ചന്തയി. തിരക്കേറുകയാണ്. നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് നൽകുന്നത്. ജില്ലയിൽ 16 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും 125 സഹകരണ സംഘങ്ങളിലുമായി 141 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകളുള്ളത്. സപ്ലൈകോയുടെ നേതൃത്വത്തിൽ 14 ഓണച്ചന്തകളാണുള്ളത്. സ്റ്രേഡിയം ജംഗ്ഷന് സമീപത്തെ ജില്ലാതല ഓണച്ചന്തയിൽ വൻ തിരക്കാണ്. താലൂക്ക് തലം, നിയമസഭാമണ്ഡലം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള ഫെയറുകൾ ഇന്ന് മുതൽ ആരംഭിക്കും. കുതിച്ചുയരുന്ന പച്ചക്കറിവില പിടിച്ചുകെട്ടാൻ ജില്ലയിൽ 155 ചന്തകളുമായി ഹോർട്ടികോർപ്പ് 11 മുതൽ സജീവമാകും. സ്റ്റേഡിയം ഗ്രൗണ്ടിലും മിഠായിത്തെരുവ് ഖാദി എംപോറിയത്തിലും ഖാദി, കൈത്തറി വസ്ത്ര മേളയിലും, തെരുന് വിപണിയിലും ധാരാളം പേർ എത്തിചേരുന്നുണ്ട്.
വില്ലനായി മഴ
കോഴിക്കോട്: ഓണ വിപണി ഉണർന്നെങ്കിലും ചിന്നിചിന്നി പെയ്യേണ്ട ചിങ്ങ മഴ കനത്തുപെയ്യുന്നത് തെരുവ് കച്ചവടക്കാർക്ക് തിരിച്ചടിയായി. തെരുവോരങ്ങളിൽ താത്ക്കാലിക ഷെഡ് ഒരുക്കിയും അല്ലാതെയും കച്ചവടം ചെയ്യുന്നവർക്ക് മഴ കനത്തുപെയ്യുമ്പോൾ എല്ലാം മടക്കികെട്ടി ഓടേണ്ട സ്ഥിതിയാണ്. പൂക്കച്ചവടക്കാർക്കാണ് വല്ലാത്ത ഗതികേട്. പ്ലാസ്റ്റിക് ഷീറ്റിൽ നിരത്തിയിടുന്ന പൂക്കൽ നനയുന്നതോടെ ചീയുകയാണെന്ന് കച്ചവടക്കാർ പറയുന്നു. ചെണ്ടുമല്ലി, ജമന്തി, ചെട്ടി പൂക്കൾ, റോസ്, വാടാമല്ലി, അരളി, ബന്ദിപൂ എന്നിവയാണ് തെരുവോര കച്ചവടത്തിൽ കൂടുതലായുള്ളത്. ഇവയിൽ പലതും വളരെ വേഗം ചീയുന്ന സ്വഭാവമുള്ളതാണ്. അത്തം തൊട്ടേ നഗരത്തിൽ ഓണത്തിരക്കാണ്. ഇന്നലെ മിഠായിത്തെരുവിലും പരിസരങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പെട്ടെന്ന് പെയ്ത മഴയിൽ ജനം വലഞ്ഞെങ്കിലും വീണ്ടും പഴേപടിയായി. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കായിരുന്നു. റോഡുകളിൽ വലിയ ഗതാഗത കുരുക്കുണ്ടായി.