
ബേപ്പൂർ: ഉരുവിനെ അനുഗമിച്ച് വരുന്നതിനിടെ അപകടത്തിൽപ്പെട്ട ഡിങ്കി ബോട്ടിനേയും മത്സ്യത്തൊഴിലാളികളേയും കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. ചീർപ്പ് പാലത്തിന് സമീപം നങ്കൂരമിട്ട് അറ്റകുറ്റപ്പണിക്ക് ശേഷം ബേപ്പൂർ തുറമുഖത്തേക്ക് വരികയായിരുന്ന ബിന്ദു എന്നവരുടെ ഉടമസ്ഥതയിലുള്ള മെറി ലൈൻ എന്ന ഉരുവിനെ അനുഗമിച്ചിരുന്ന ഡിങ്കി ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഉരുവിലെ തൊഴിലാളികളും ഡിങ്കി ബോട്ടിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെട്ടു. ഒഴുക്കിലകപ്പെട്ട മത്സ്യത്തൊഴിലാളികളേയും വള്ളങ്ങളേയും കോസ്റ്റൽ പൊലീസിന്റെ സുരക്ഷാ ബോട്ടിൽ രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ ആനന്ദൻ (53), അജിത്ത് (25), ദിനകരൻ (36), നവീൻ (36) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കോസ്റ്റൽ പൊലീസ് എസ്.എച്ച്.ഒ രഞ്ജിത്ത് കെ.വിശ്വനാഥന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സത്യൻ, ബൈജു.ടി.സി, എസ്.സി.പി.ഒ രജിത്ത്, ബിജേഷ്, കോസ്റ്റൽ ബോട്ട് ജീവനക്കാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.