jin
മഞ്ഞപ്പിത്തം

ഇന്നലെ മാത്രം അഞ്ച് പേർ രോഗബാധിതർ

കോഴിക്കോട്: കൊമ്മേരി എരവത്തുകുന്നിൽ അഞ്ച് പേർക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 53 ആയി. കോർപ്പറേഷൻ നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത 210 പേരിൽ അഞ്ച്‌പേർക്കാണ് രോഗം കണ്ടെത്തിയത്. രണ്ട് പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മഞ്ഞപ്പിത്ത ബാധയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കിണറിൽ നിന്നാണ് രോഗം വ്യാപിച്ചതെന്നാണ് സംശയം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ വലിയ രീതിയിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു.

രോഗബാധ, ലക്ഷണം, ചികിത്സ

മലിനമായ വെള്ളത്തിലൂടെയും ശുചിത്വമില്ലാത്തതും ആരോഗ്യകരമല്ലാത്തതുമായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും മഞ്ഞപ്പിത്തം ബാധിക്കുന്നത്. വിശപ്പില്ലായ്മ ഛർദ്ദി, തലവേദന, വയറുവേദന, ഭക്ഷണം ഒട്ടും കഴിക്കാൻ പറ്റാത്ത അവസ്ഥ എന്നിവയാണ് പ്രാരംഭ ലക്ഷണം. കുറച്ചു ദിവസങ്ങൾക്കകം മൂത്രത്തിൽ കടുത്ത മഞ്ഞനിറവും കണ്ണിലെ കൃഷ്ണമണിയിലുള്ള വെള്ള നിറം മാറി മഞ്ഞ നിറം കാണപ്പെടുകയും ചെയ്യും. ഈ ലക്ഷണങ്ങൾ കാണിക്കുമ്പോഴാണ് രോഗികൾ പലപ്പോഴും ചികിത്സ തേടുന്നത്. ആരംഭ ദിശയിൽ തന്നെ രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭിക്കുമ്പോൾ ഏതുതരം മഞ്ഞപിത്തം ആണെന്ന് തിരിച്ചറിഞ്ഞ് ഉചിതമായ ചികിത്സ നൽകാനാകും. ലക്ഷണം കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടത് നിർബന്ധമാണ്. കൃത്യമായ ചികിത്സ തേടാത്തതും സ്വയം ചികിത്സയും രോഗം ഗുരുതരമാകാൻ കാരണമാകും.

'ആശങ്കപെടേണ്ട സാഹചര്യമില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു'. ഷീജ വത്സൻ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ.