മുക്കം: സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ നിന്ന് 3,​400 ഓളം പേർ ഒഴിവാക്കപ്പെട്ടതിന് ഉത്തരവാദികൾ യു.ഡി.എഫ് നേതൃത്വത്തിലുള്ള മുൻഭരണസമിതിയാണെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അംഗത്വ റജിസ്റ്റർ സൂക്ഷിച്ചില്ലെന്ന കാരണത്താൽ, 2018 നവംമ്പർ 11ന് നടന്ന തിരഞ്ഞെടുപ്പിൽ A 15565 മുതൽ A 21424 വരെയുള്ള അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് വന്ന യു.ഡി.എഫ് ഭരണസമിതി വ്യാജ അഡ്മിഷൻ രജിസ്റ്റർ സൃഷ്ടിച്ചതായാണ് കാണുന്നത്. പുതിയ അഡ്മിഷൻ രജിസ്റ്റർ പുനഃസ്ഥാപിക്കാൻ ഭരണസമിതി തീരുമാനിക്കുകയോ പ്രത്യേക പൊതുയോഗം വിളിച്ചു ചേർക്കുകയോ ഈ അംഗങ്ങൾക്ക് രേഖാമൂലം അറിയിപ്പ് നൽകുകയോ ചെയ്യാതെ കൃത്രിമമായി റജിസ്റ്റർ നിർമ്മിക്കുകയായിരുന്നു.

ഹെഡ് ഓഫീസ് കെട്ടിട നിർമ്മാണം, ജീവനക്കാരുടെ നിയമനം എന്നിവയിലെ അഴിമതി സംബന്ധിച്ച് കണ്ണൂർ സഹകരണ വിജിലൻസും മുൻ ഡയറക്ടർ എം.പി.ഷംസുദ്ദീന്റെ പരാതിയിൽ കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ ബാങ്കിനെ അഴിമതിക്കാരിൽ നിന്ന് സംരക്ഷിക്കാൻ അഡ്മിനിസ്ട്രേഷൻ കമ്മിറ്റി നടത്തുന്ന പരിശ്രമത്തെ എല്ലാവരും പിന്തുണയ്ക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. വാർത്താസമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.ടി.ബിനു, കെ.ടി.ശ്രീധരൻ, ദിപുപ്രേംനാഥ് എന്നിവർ പങ്കെടുത്തു.