1
ഡോ.വർഗീസ് കുര്യൻ അവാർഡ് ചപ്പക്കാട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എസ്.വി.സെൽവൻ സ്പീക്കർ എ.എൻ.ഷംസീറിൽ നിന്ന് ഏറ്റുവാങ്ങുന്നു

കോഴിക്കോട്: ഡോ.വർഗീസ് കുര്യന്റെ സ്മരണയ്ക്കായി മലബാറിലെ ഏറ്റവും മികച്ച പാലുല്പാദക സഹകരണ സംഘത്തിന് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ അവാർഡ് പാലക്കാട് ചപ്പക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് നിയമസഭ സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ സമ്മാനിച്ചു. ആരാലും ശ്രദ്ധിക്കപ്പെടാത്ത, എന്നാൽ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷീര സംഘങ്ങളെ ആദരിക്കുന്ന കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം അനുകരണീയമാണെന്ന് സ്പീക്കർ പറഞ്ഞു. ബാങ്ക് ചെയർപേഴ്സൺ പ്രീമ മനോജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ അഡ്വ.എ.ശിവദാസ്, ഡോ.വർഗീസ് കുര്യൻ അവാർഡ് കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച ക്ഷീര ഉത്പാദക സഹകരണ സംഘത്തിനുള്ള ബഹുമതിപത്രം ബാങ്ക് വൈസ് ചെയർമാൻ കെ.ശ്രീനിവാസനിൽ നിന്ന് സംഘം പ്രസിഡന്റ് എസ്.വി.സെൽവൻ സ്വീകരിച്ചു. എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ, കോഴിക്കോട് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബോബി പീറ്റർ, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം.രാജൻ, ബാങ്ക് ഡയറക്ടർ അഡ്വ.ടി.എം.വേലായുധൻ, പി.ബാലഗംഗാധരൻ എ
ന്നിവർ പ്രസംഗിച്ചു. ബാങ്ക് ഡയറക്ടർ പി.എ.ജയപ്രകാശ് സ്വാഗതവും ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ് നന്ദിയും പറഞ്ഞു.