മുക്കം: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത നിർമ്മാണത്തിന് കളമൊരുങ്ങിയപ്പോൾ ഒരുഭാഗത്ത് വാനോളം ഉയരത്തിൽ ആവേശവും മറുഭാഗത്ത് കരിനിഴൽ പരത്തി ആശങ്കയുമാണ് പ്രകടമാവുന്നത്. ഇക്കഴിഞ്ഞ മൂന്നിനാണ് രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാതയുടെ നിർമ്മാണത്തിന്റെ ടെൻഡർ തുറന്നത്.
നിലവിൽ കോഴിക്കോട് നിന്ന് വയനാട്ടിലെത്താനുള്ള ആശ്രയം ചുരത്തിൽ ഒൻപത് ഹെയർപിൻ വളവുകളോടുകൂടിയ 12 കിലോമീറ്റർ പശ്ചിമഘട്ട മലമ്പാതയാണ്. ഇതാകട്ടെ ഏതു നേരവും ഗതാഗതക്കുരുക്കിലാണ്. അടിയന്തര ചികിത്സ ആവശ്യമാകുന്ന രോഗികളെ പോലും വയനാട്ടിൽ നിന്ന് പെട്ടെന്ന് കോഴിക്കോട്ടെത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഈ യാത്രാദുരിതത്തിന് തുരങ്ക പാതയിലൂടെ പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ. യാത്രാ ദൂരത്തിൽ 40 കിലോമീറ്റർ കുറവ് വരുമെന്നും കരുതുന്നു.
രണ്ട് കമ്പനികൾക്കാണ് തുരങ്കപാതയുടെ നിർമ്മാണച്ചുമതല ടെൻഡർ മുഖേന ലഭിച്ചത്. തുരങ്ക നിർമ്മാണം 1341 കോടി രൂപയ്ക്ക് ഭോപ്പാൽ ആസ്ഥാനമായ ദിലീപ് ബിൽഡ് കോൺകമ്പനിയും അപ്രാേച്ച് റോഡ് നിർമ്മാണം 160 കോടി രൂപയ്ക്ക് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുമാണ് നടത്തുക. രാജസ്ഥാനിലെ കോട്ട തുരങ്കപാത, ഋഷികേശ് ബ്രോഡ്ഗേജ് പാത, ദേശീയപാതയിലെ ചൂരാഹ് ബൈപ്പാസ് തുരങ്കം, ബാലാസ്പുർ- ഞ്ചേരി തുരങ്കം എന്നിവയുടെ നിർമ്മാണം ഏറ്റെടുത്ത കമ്പനിയാണ് ദിലീപ് ബിൽഡ് കോൺ.
കടന്നുപോകുന്നത്
പരിസ്ഥിതിലോല മേഖലയിലൂടെ
85 ശതമാനം ഭൂമി ഏറ്റെടുത്തു കഴിഞ്ഞാൽ നിർമ്മാണം ആരംഭിക്കാം. എന്നാൽ പരിസ്ഥിതി ദുർബല മേഖലയിലാണ് തുരങ്ക നിർമ്മാണമെന്നും ആവശ്യമായ പാരിസ്ഥിതി ആഘാത പഠനം നടത്താതെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കാതെയുമാണ് നിർമ്മാണമാരംഭിക്കാൻ പോകുന്നതെന്നും ആക്ഷേപമുയർന്നു കഴിഞ്ഞു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ സോൺ ഒന്നിലും കസ്തൂരി രംഗൻ റിപ്പോർട്ടിൽ നാച്ചുറൽ ലാൻഡ് സ്കേപ്പിലും ഉൾപ്പെടുത്തിയ പരിസ്ഥിതി ലോല പ്രദേശത്തുകൂടിയാണ് തുരങ്കപാത കടന്നു പോകുന്നതെന്നാണ് ആക്ഷേപത്തിന് അടിസ്ഥാനം.
പ്രകൃതി ദുരന്ത സാദ്ധ്യത
വയനാടിനെ നടുക്കിയ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, പുത്തുമല എന്നീ പ്രദേശങ്ങൾ ഈ മലനിരകളുടെ കിഴക്കൻ ചെരുവിലാണ്. ഉരുൾപൊട്ടൽ ഭീഷണി നിലവിലുള്ള കവളപ്പാറയും പാതാറും പടിഞ്ഞാറൻ ചെരുവിലും. തുരങ്ക നിർമ്മാണത്തിന് കൂറ്റൻ പാറകൾ പൊട്ടിക്കേണ്ടതായി വരും. ഇങ്ങനെ പൊട്ടിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രകമ്പനം മലയുടെ മുകളിലെത്താം. അത് മണ്ണിന് ബലക്ഷയവും ഉരുൾപൊട്ടലിന് സാദ്ധ്യതയും ഉണ്ടാക്കിയേക്കാമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്ന ആശങ്ക.