kunnamangalamnews

കുന്ദമംഗലം: ഭൂരഹിത ഭവന രഹിതർക്ക് സർക്കാർ പതിച്ചു നൽകിയ, കാടു പിടിച്ചുകിടക്കുന്ന മലമുകളിൽ എങ്ങനെ വീടുവയ്ക്കുമെന്നാണ് ഗുണഭോക്താക്കളായ 200ഓളം കുടുംബങ്ങൾ ചോദിക്കുന്നത്. 2014- 15 സാമ്പത്തിക വർഷത്തിലാണ് പയമ്പ്ര കുരുവട്ടൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഈസ്റ്റ് പയമ്പ്ര, പുറ്റുമണ്ണിൽ താഴത്തിനടുത്ത് തിയ്യക്കണ്ടി കാമ്പ്രമലയിൽ ഭൂരഹിത ഭവന രഹിതർക്ക് ഭൂമി പതിച്ച് നൽകിയത്. കാട്ടുമൃഗങ്ങൾ നിറ‌ഞ്ഞ ഈ മലമ്പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾപോലും അധികൃതർ ഏർപ്പെടുത്താതിനാൽ ലൈഫ് പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചിട്ടും വീട് നിർമ്മിക്കാൻ സാധിച്ചിട്ടില്ല.

അഞ്ച് ഏക്കറോളം വരുന്ന ഈ മലയിൽ മൂന്ന് സെന്റ് വീതമുള്ള പ്ലോട്ടുകളാക്കി തിരിച്ചിട്ടുണ്ടെങ്കിലും പ്രധാനറോഡിൽ നിന്ന് കുത്തനെയുള്ള കയറ്റമായതിനാൽ പ്ലോട്ടിൽ സാധനങ്ങൾ ഇറക്കുവാനോ പ്രായമുള്ളവർക്ക് നടന്നുകയറുവാനോ സാദ്ധ്യമല്ല. കുടിവെള്ളവും കിട്ടാക്കനിയാണ്. കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, കക്കോടി, കുറ്റിക്കാട്ടൂർ, പന്തീരങ്കാവ്, പുതുപ്പാടി, കോഴിക്കോട് നഗരം, പന്നിയങ്കര, നെല്ലി പൊയിൽ വില്ലേജുകളിൽപ്പെട്ടവരാണ് ഗുണഭോക്താക്കൾ. കാമ്പ്രമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിത്തരണമെന്നാവശ്യവുമായി പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

പഞ്ചായത്തും സർക്കാരും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും എത്രയും പെട്ടെന്ന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും കുരുവട്ടൂർ യു.ഡി.എഫ് ഏഴാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു. വാർഡ് മെമ്പർ പി.ശശികല ഉദ്ഘാടനം ചെയ്തു. കെ.സി.ഭാസ്കരൻ, മുസ്തഫ യമാനിയ, ശ്രീനിവാസൻ നായർ, ഷീബ സജിത്ത് കുമാർ, കെ.അനിൽകുമാർ, ദിപിൻ, രാമചന്ദ്രൻ നായർ, കെ.പി.അജേഷ്, യു.സി.രാജേഷ്, ഷംനാദ്, കെ.സി.മനോജ് എന്നിവർ പ്രസംഗിച്ചു.